ഇടുക്കി : സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിലെ കലാകാരൻമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 30000 രൂപ നൽകി. ചിത്രകല കലാകാരൻ അഖിൽ വിജയകുമാർ ജില്ലാ കോഓർഡിനേറ്റർ മോബിൻ മോഹന് തുക കൈമാറി. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനിംഗിന്റെ ഭാഗമായി വജ്ര ജൂബിലി ഫെലോഷിപ്പ് കലാകാരൻമാർ തയ്യാറാക്കിയ കോവിഡ് പ്രതിരോധ മുൻകരുതലുകളിലൂന്നിയ മോഹിനിയാട്ടം, ചിത്രരചനാ, പോസ്റ്റർ, നാടകം എന്നിവ നവ മാദ്ധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിനായി ചിത്രീകരിച്ച കാർട്ടൂണുകളും പോസ്റ്റുകളും ആശുപത്രി, പൊതു സ്ഥാപനങ്ങളുടെ മുൻപിൽ പ്രദർശിപ്പിച്ചും കലാകാരൻമാർ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഇതിനു പുറമെയാണ് ജില്ലയിലെ കലാകാരൻമാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നൽകിയത്. കലാകാരൻമാരുടെ സംഭാവന കൈമാറ്റത്തിന് കട്ടപ്പന മുനിസിപ്പാലിറ്റി സെക്രട്ടറി മാമ്പള്ളി സന്തോഷ്‌കുമാർ സാന്നിധ്യം വഹിച്ചു.