കട്ടപ്പന: കാട്ടുപന്നിയെ പിടികൂടാനായി സ്ഥാപിച്ച വൈദ്യുതി കെണിയിൽ പെട്ട് എരുമകൾ ചത്തതായി പരാതി. തൊപ്പിപ്പാള വടക്കേക്കര തങ്കമ്മയുടെ കറവയുണ്ടായിരുന്ന രണ്ട് എരുമകളാണ്കഴിഞ്ഞ ദിവസം വൈദ്യുതാഘാതമേറ്റ് ചത്തത്. സംഭവത്തിൽ സമീപവാസികളായ തൊപ്പിപ്പാള കുന്നുംപുറത്ത് റോജൻ, പുല്ലമ്പേപ്പതിയിൽ സനീഷ് എന്നിവർക്കെതിരെ കട്ടപ്പന ഡിവൈ.എസ്.പിക്ക് പരാതി നൽകി. എരുമകൾ ചത്ത നിലയിൽ കാണപ്പെട്ട ഇരുവരുടെയും പുരയിടത്തോടു ചേർന്ന് വൈദ്യുത വേലികളും കണ്ടെത്തിയിരുന്നു. തുടർന്ന് സനീഷും റോജനും നഷ്ടപരിഹാരം നൽകാമെന്നു പറഞ്ഞ് എരുമകളെ ഇറച്ചിക്കായി വാങ്ങി. പിന്നീട് പണം ആവശ്യപ്പെട്ടപ്പോൾ ഇരുവരും ഭീഷണിപ്പെടുത്തിയതായും തങ്കമ്മ പറയുന്നു. പരാതിയിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി. രാജ്‌മോഹൻ അറിയിച്ചു.