തൊടുപുഴ: ലോക്ക്ഡൗണിൽ തകർന്ന വ്യാപാരമേഖലയെ സർക്കാർ സഹായിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി നാസർ സൈര ആവശ്യപ്പെട്ടു. കൊവിഡിന് മുമ്പു തന്നെ കച്ചവടം വളരെ മോശമായിരുന്നു. വ്യാപാരികളുടെ മേൽ ഇടിത്തീയായി വന്നതാണ് കൊവിഡ് എന്ന മഹാമാരി. അതുകൊണ്ടുതന്നെ സാധാരണ നിലയിലാകാൻ മാസങ്ങൾ വേണ്ടിവരും. ബാങ്ക് വായ്പ ആവശ്യമുള്ള കച്ചവടക്കാർക്ക് നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ഇടപെടുക, എല്ലാ വിഭാഗം വാടകകളും കുറയ്ക്കുക, ലോക്ക്ഡൗൺ കാലത്തെ കറന്റ് ചാർജ് കുറയ്ക്കുക, ബാങ്ക് വായ്പയുടെ മൊറട്ടോറിയം കാലത്തെ പലിശ ഇളവ് ചെയ്യുക, മൊറട്ടോറിയം കാലാവധി നീട്ടുന്നതിന് ഇടപെടുക തുടങ്ങിയ കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.