harisree-ashokan

കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത ജനം ഓരോരോ പ്രവർത്തികളിൽ ഏർപ്പെട്ടാണ് സമയം കഴിച്ച് കൂട്ടുന്നത്.എന്നാൽ ലോക്ക് ഡൗൺ ആയതിനാൽ വീടിന് പുറത്തിറങ്ങാതെ നടൻ ഹരിശ്രീ അശോകനും കുടുംബവും മറ്റാരും ചെയ്യാത്ത വ്യസ്ത്യസ്തമായ ഒരു പ്രവർത്തനമാണ് ചെയ്യുന്നത്.ഇവർ ചെയ്യുന്ന പ്രവർത്തികൾ കണ്ടാൽ ചിലർക്ക് പൊട്ടിച്ചിരിയും മറ്റുള്ളവർക്ക് കൗതുകവും തോന്നിയേക്കാം.

1986 ൽ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെയാണ് ഹരിശ്രീ അശോകൻ സിനിമയുടെ മായാലോകത്തേക്ക് എത്തപ്പെട്ടത്.അതിന് ശേഷം നിരവധി ചിത്രങ്ങളിൽ ഹരീശ്രീ അശോകൻ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും 1995 ൽ റീലീസായ പാർവതി പരിണയം എന്ന ചിത്രത്തിൽ ഹമ്മ, ഹമ്മ, ഹമ്മ... ഹമ്മ...ഹമ്മ... എന്ന് ഉച്ചത്തിൽ പറഞ്ഞ് ഭിക്ഷയാചിക്കുന്ന ഭിക്ഷക്കാരന്റെ വേഷമാണ് ശ്രദ്ധിക്കപ്പെട്ടത്.പിന്നീട് 1998 ൽ റീലീസായ 'പഞ്ചാബിഹൗസ്' എന്ന ചിത്രം മെഗാ ഹിറ്റായതോടെ ഹരീശ്രീ അശോകൻ എന്ന നടന്റെ തലവരതന്നെ മാറി മറിയുകയായിരുന്നു. പിന്നീട് ഏറെ വർഷങ്ങൾക്ക് ശേഷം ഹരീശ്രീ അശോകൻ എറണാകുളത്ത് സ്വന്തമായി വാങ്ങിയ വീടിന് "പഞ്ചാബിഹൗസ്" എന്നാണ് പേര് നൽകിയതും.എന്നാൽ ഹരീശ്രീ അശോകന്റെ വീടായ 'പഞ്ചാബി ഹൗസി' ന്റെ മുറികളിൽ പതിപ്പിച്ചിരിക്കുന്ന ടൈൽസ് എല്ലാം ഇപ്പോൾ തനിയെ പൊട്ടിപ്പോവുകയാണ്.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഏറെ ഇഷ്ടപെട്ട് വാങ്ങിയ വീടിന് ഇത്തരത്തിൽ ഒരവസ്ഥ വന്നതിൽ ഹരിശ്രീ അശോകന് ഏറെ സങ്കടവുമുണ്ട്.ലോക്ക് ഡൗൺ ആയതിനാൽ ടൈൽസ് നന്നാക്കാൻ ആളെ കിട്ടാത്ത അവസ്ഥയുമായി.പൊട്ടിയ ടൈൽസിൽ കാല് തട്ടി മകൻ അർജുനന്റെ ഭാര്യയുടെ കാലിന് മുറിവും പറ്റി.അർജുന്റെ കുട്ടിയും മുറിക്കകത്തൂടെ ഓടി ചാടി നടക്കുന്നതിനാൽ കുട്ടിയുടെ കാലിനും പരിക്ക് പറ്റുമെന്ന് അശോകൻ ഭയന്നു.പിന്നെ ഒട്ടും ആലോചിച്ചില്ല സ്റ്റിക്കർ ഉപയോഗിച്ച് ടൈൽസ് ഒട്ടിക്കാൻ തുടങ്ങി അശോകൻ. സഹായത്തിന് വീട്ടുകാരും ചേർന്നു.ഒരു ഭാഗം ഒട്ടിച്ച് വരുമ്പോൾ ആദ്യ ഭാഗം പൊട്ടി പോകും.എന്നാലും സ്റ്റിക്കർ ഉപയോഗിച്ച് ടൈൽസ് പൂർണ്ണമായും ഒട്ടിക്കാൻ ലോക്ക് ഡൗൺ സമയത്ത് ഒരു ചലഞ്ചായി ഏറ്റെടുത്തു അശോകനും വീട്ടുകാരും.ഇതിനിടയിൽ വീട്ടിൽ ചെറുതായിട്ട് പച്ചക്കറി കൃഷി ആരംഭിക്കാനും പുസ്തകങ്ങൾ വായിക്കാനും സിനിമകൾ കാണാനും സുഹൃത്തുക്കളേയും ബന്ധുമിത്രാദികളെയും ഫോണിൽ വിളിച്ച് ലോക്ക് ഡൗൺ കാലത്തെ അവസ്ഥകൾ അന്വേഷിക്കാനും കഴിയുന്ന രീതിയിൽ അവരെ സഹായിക്കാനും ഹരീശ്രീ അശോകൻ സമയം കണ്ടെത്തുന്നുമുണ്ട്.