തൊടുപുഴ: ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ നിന്നുള്ള വയർ ദേഹത്ത് കുരുങ്ങി സ്കൂട്ടർ യാത്രികനായ മാദ്ധ്യമ പ്രവർത്തകന് പരിക്ക്. 'മാധ്യമം' കൊച്ചി ബ്യൂറോ ചീഫ് തൊടുപുഴ ചിലവ് പുത്തൻവീട്ടിൽ പി.പി. കബീറിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് ഏഴോടെ കബീർ തൊടുപുഴയിലെ ആഫീസിൽ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മടങ്ങുമ്പോഴായിരുന്നു അപകടം. ന്യൂമാൻ കോളേജിന് സമീപത്തെത്തിയപ്പോൾ ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് പോസ്റ്റിൽ നിന്നുള്ള വയർ പൊട്ടി വീഴുകയായിരുന്നു. വാഹനത്തിൽ നിന്ന് തെറിച്ചുവീണ കബീറിനെ സ്ഥലത്തെത്തിയ യുവാക്കളാണ് ആശുപത്രിയിലെത്തിച്ചത്. കൈയ്ക്കും കാലിനും പരിക്കേറ്റ കബീറിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി. ഈ സമയം പട്രോളിങിലുണ്ടായിരുന്ന പൊലീസ് സ്ഥലത്തെത്തി നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ഇ.ബി അധികൃതരെത്തി വൈദ്യുതി പോസ്റ്റിലെ വയർ പുനഃസ്ഥാപിച്ചു.