മുട്ടം: ലോക്ക്ഡൗണിനിടയിൽ ആളും ആരവവുമില്ലാതെ ഇരട്ട സഹോദരങ്ങൾ വിവാഹിതരായി. തലയനാട് പരപ്പിൻകര ഈരാമിത്ര സോമന്റെയും ഓമനയുടെയും മക്കൾ അഞ്ജുവിനെയും അജ്ഞനയെയും കുടയത്തൂർ മേലേടത്ത് ചന്ദ്രന്റെയും ശാരദാമ്മയുടെയും മക്കളും ഇരട്ടസഹോദരന്മാരുമായ അഭിലാഷും അനീഷുമാണ് മിന്ന് ചാർത്തിയത്. വ്യാഴാഴ്ച ആയിരുന്നു ഇവരുടെ വിവാഹം. അഞ്ജുവിനെ അഭിലാഷും അഞ്ജനെയെ അനീഷുമാണ് ജീവിത സഖിയാക്കിയത്. വയനക്കാവ് ദേവി ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ച വിവാഹം ലോക്ക് ഡൗണായതിനാൽ വീട്ടിലാണ് നടത്തിയത്. ഇരട്ടക്കുട്ടികളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ആകാംക്ഷയോടെ കാത്തിരുന്നെങ്കിലും ലോക്ക് ഡൗൺ വില്ലനാവുകയായിരുന്നു. നിബന്ധനപ്രകാരം 20 പേരെ മാത്രം ഉൾപ്പെടുത്തി വിവാഹം നടത്താൻ വീട്ടുകാർ വളരെ ബുദ്ധിമുട്ടി.