തൊടുപുഴ: ജില്ല ഇനിയും കൊവിഡ് രോഗമുക്തമായിട്ടില്ല, ഇനിയും ഒരു രോഗി കൂടി രോഗം ഭേദമാകാനുണ്ട്. നൂറുകണക്കിന് പേരാണ് ദിവസവും കുമളി അതിർത്തി വഴി അന്യസംസ്ഥാനത്ത് നിന്ന് ജില്ലയിലേക്ക് വരുന്നത്. എന്നാൽ എല്ലാം മറന്ന് രോഗമുക്തമാണെന്ന മട്ടിലാണ് പൊതുജനങ്ങളുടെ പെരുമാറ്റം. ലോക്ക് ഡൗൺ ഇളവുകൾ ഭൂരിഭാഗവും പ്രാബല്യത്തിലാതോടെ പൊതു ഇടങ്ങളിലെല്ലാം കൊവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങൾ വഴിപാടായി മാറി. പലയിടത്തും സാമൂഹിക അകലം പാലിക്കുന്നില്ല. സൂപ്പർ മാർക്കറ്റുകൾ, മത്സ്യ വിപണന കേന്ദ്രങ്ങൾ, പച്ചക്കറി കടകൾ തുടങ്ങി ആളുകൾ കൂടുന്നിടങ്ങളിലെല്ലാം മാനദണ്ഡങ്ങൾ പാലിക്കുന്നവർ ചുരുക്കം. യാത്രകൾക്ക് സത്യവാങ്മൂലം നിർബന്ധം അല്ലാതായതോടെ നിരത്തിലിറങ്ങുന്ന വാഹനങ്ങളും ഗണ്യമായി ഉയർന്നു. സർവീസ് ബസുകളും ആട്ടോറിക്ഷകളും ഒഴികെയുള്ള വാഹനങ്ങളെല്ലാം ഇപ്പോൾ റോഡ് നിറഞ്ഞോടുകയാണ്. സ്റ്റാൻഡുകളിലെത്താതെ ഓടുന്ന ആട്ടോറിക്ഷകളുടെ എണ്ണവും കൂടിയിട്ടുണ്ട്. മാസ്ക് നിർബന്ധമാക്കിയ ആദ്യ ദിനങ്ങളിൽ ഭൂരിഭാഗം പേരും മാസ്‌കോ തുണിയോ കൊണ്ട് മുഖം മറച്ചാണ് പുറത്ത് ഇറങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ മാസ്ക് ധരിക്കാതെ നിരവധിപേർ വെളിയിലിറങ്ങുന്നുണ്ട്. ചിലർ മൂക്ക് മറയ്ക്കാതെ പേരിന് മാത്രം ധരിക്കുന്നവരുമുണ്ട്. പൊലീസിന്റെ പരിശോധനകൾ കുറഞ്ഞതും ഇതിന് ഒരു കാരണമാണ്.