 ജില്ലയിൽ 8184 കിടക്കകൾ സജ്ജം

തൊടുപുഴ: കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി ഒട്ടേറെ മലയാളികൾ കടൽ കടന്നെത്തിയെങ്കിലും ഇതിൽ ഇടുക്കിക്കാർ ആരുമില്ല. നാട്ടിലേക്ക് മടങ്ങാനായി രജിസ്റ്റർ ചെയ്തവർ വരും ദിവസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷ. നാലായിരത്തോളം പ്രവാസികൾ ജില്ലയിലെത്തുമെന്നാണ് കരുതുന്നത്. ഇവർക്കായി ജില്ലയിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ഇവരെ നേരിട്ട് എത്തിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കാൻ 4831 മുറികളിലായി 8184 ബെഡ്ഡുകളാണ് ഒരുക്കിയിരിക്കുന്നത്. റിസോർട്ടുകൾ, സ്വകാര്യ ആശുപത്രികൾ, ഹാളുകൾ, ഹോട്ടലുകൾ, കോളേജ് ഹോസ്റ്റലുകൾ, സ്റ്റാഫ് ക്വാട്ടേഴ്‌സുകൾ എന്നിങ്ങിനെ 145 കേന്ദ്രങ്ങളിലാണ് നിരീക്ഷണ സംവിധാനമൊരുക്കിയിരിക്കുന്നത്. മൂന്നാറിലെ സ്വകാര്യ ഹോട്ടലിലാണ് ഏറ്റവും കൂടുതൽ കിടക്കകൾ ഒരുക്കിയിട്ടുള്ളത്- 244. ഭക്ഷണമുൾപ്പെടെയുള്ള ചെലവുകളും സർക്കാർ നൽകും. .

കുമളിയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ

അന്യ സംസ്ഥാനത്തു നിന്ന് കുമളി ചെക്പോസ്റ്റു വഴി മലയാളികൾ കടന്നുവരുന്ന സാഹചര്യത്തിൽ അണക്കരയിൽ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ പ്രവർത്തനം തുടങ്ങും. കൊവിഡ് ലക്ഷണങ്ങളുമായി അതിർത്തി കടന്നെത്തുന്നവരെ നിരീക്ഷിക്കുന്നതിനാണിത്. ഇതിനായി അണക്കര അൽഫോൺസ് ആശുപത്രി ദുരന്തനിവാരണ നിയമപ്രകാരം സജ്ജമാക്കാൻ ജില്ലാ കളക്ടർ ആരോഗ്യവിഭാഗത്തിന് നിർദ്ദേശം നൽകി.