തൊടുപുഴ: ലോക്ക്ഡൗൺ കാലത്ത് തൊഴിൽ നഷ്ടപ്പെട്ട ആട്ടോ-ടാക്‌സി ഡ്രൈവർമാർക്കും സ്വകാര്യ ബസ് ജീവനക്കാർക്കും കുറഞ്ഞത് പതിനായിരം രൂപ വീതം സാമ്പത്തിക സഹായം അനുവദിക്കണമെന്ന് യു.ഡി.എഫ് ജില്ലാ ഏകോപന സമിതിയുടെ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും സർക്കാരിനോട് അഭ്യർത്ഥിച്ചു. ആട്ടോ- ടാക്‌സി ഡ്രൈവർമാരും സ്വകാര്യ ബസ് ജീവനക്കാരും അന്നന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബം പോറ്റുന്നവരാണ്. അവരുടെ വിഷമങ്ങൾ സംസ്ഥാന സർക്കാർ കാണാതെ പോയത് ഖേദകരമാണ്. ധൂർത്ത് ശീലമായി സ്വീകരിച്ച സർക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് പറഞ്ഞ് രക്ഷപ്പെടാനാവില്ല. സാമ്പത്തിക സഹായം അടിയന്തരമായി വിതരണം ചെയ്യണമെന്നും യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടു.