 
ദേവികുളം : ലോക്ക് ഡൗൺ കാലത്ത് ഗതാഗതസൗകര്യത്തിന്റെ അഭാവത്താൽ ഡയാലിസിസ് മുടങ്ങുമോയെന്നാശങ്കപ്പെട്ടിരുന്ന രോഗികൾക്ക് ആശ്വാസമായി ദേവികുളം പഞ്ചായത്ത്.ലോക്ക് ഡൗൺ തുടങ്ങിയ അന്നുമുതൽ ഇന്നുവരെ ഡയാലിസിസ് നടത്തി വന്നിരുന്ന ആറ് രോഗികൾക്ക് ഡയാലിസിസ് കേന്ദ്രങ്ങളിൽ എത്താൻ ആംബുലൻസ് വിട്ടുനൽകിയാണ് പഞ്ചായത്ത് കരുതലായി തീരുന്നത്.ആഴ്ച്ചയിൽ അഞ്ച് ദിവസം സൗജന്യമായി രോഗികളെ ഇത്തരത്തിൽ ഡയാലിസിസ് കേന്ദ്രങ്ങളിൽ എത്തിക്കുന്നു. ദേവികുളം ..മൂന്നാർ ചെണ്ടുവാര എസ്സ്‌റ്റേറ്റ്,മൂന്നാർ പെരിയവാര ആനമുടി ഡിവിഷൻ,ദേവികുളം ലാക്കാട് ലോവർ ഡിവിഷൻ, നെറ്റിക്കുടി ലോവർ ഡിവിഷൻ, കുണ്ടള ഈസ്റ്റ്, ചെണ്ടുവാര ടോപ്പ്7 തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെല്ലാമാണ് ദേവികുളം പഞ്ചായത്ത് ആംബുലൻസ് സൗകര്യം ക്രമീകരിച്ചിട്ടുള്ളത്.അടിമാലിയിൽ എത്തിച്ച് ഡയാലിസിസ് പൂർത്തീകരിച്ച ശേഷം തിരികെ രോഗികളെ വീടുകളിൽ എത്തിക്കും.ആഴ്ച്ചയിൽ രണ്ടും മൂന്നും ദിവസങ്ങളിൽ ഡയാലിസിസ് നടത്തേണ്ടുന്ന രോഗികൾക്കാണ് ദേവികുളം ഗ്രാമ പഞ്ചായത്തിന്റെ സൗജന്യ ആംബുലൻസ് സർവ്വീസ് തണലായി മാറിയിട്ടുള്ളത്.