കൂട്ടണമെന്ന് വ്യാപാരികൾ കൂട്ടിയാൽ നടപടിയെന്ന് നഗരസഭ
കട്ടപ്പന: ലോക്ക് ഡൗണിന്റെ പേരിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും പോത്തിറച്ചിക്ക് അമിത വില ഈടാക്കുന്നു. നഗരസഭ നിശ്ചയിച്ച തുകയേക്കാൾ 50 രൂപ വരെ കൂട്ടിയാണ് പല കടകളിലും വാങ്ങുന്നത്. 300 രൂപയ്ക്ക് വിൽക്കണമെന്നാണ് നഗരസഭ നിർദേശിച്ചിരിക്കുന്നത്. ഇതിനിടെ വില 350 രൂപയായി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇറച്ചി വ്യാപാരികളും നഗരസഭയിൽ അപേക്ഷ നൽകി. ലോക്ക് ഡൗൺ ആരംഭിച്ചപ്പോൾ ഇറച്ചിക്കടകളിലും കോൾഡ് സ്റ്റോറേജുകളിലും പോത്തിറച്ചി വില കൂട്ടിയിരുന്നു. കോൾഡ് സ്റ്റോറേജുകളിൽ കിലോഗ്രാമിനു 320 രൂപയിൽ കൂടുതൽ വാങ്ങാൻ പാടില്ല. ഇരുപതേക്കറിലെ കടയിൽ പോത്തിറച്ചിക്ക് 360 രൂപ ഈടാക്കിയതിനെതിരെ ഡി.വൈ.എഫ്.ഐ പോസ്റ്റർ പതിച്ച് പ്രതിഷേധിച്ചു.
'തമിഴ്‌നാട്, ആന്ധ്രാ എന്നിവിടങ്ങളിൽ നിന്നുള്ള മാടുകളുടെ ഇറക്കുമതി നിലച്ചതോടെയാണ് വില വർദ്ധിപ്പിക്കാൻ നിർബന്ധിതരായത് "
- മാംസ വ്യാപാരികൾ
'നഗരസഭ കൗൺസിലിൽ തീരുമാനമെടുക്കുന്നതുവരെ വില കൂട്ടാൻ അനുവദിക്കില്ല. അമിതവില ഈടാക്കിയാൽ നടപടി സ്വീകരിക്കും."
-ജോയി വെട്ടിക്കുഴി (നഗരസഭാദ്ധ്യക്ഷൻ)