തൊടുപുഴ: വീണ്ടും കൊവിഡ് രോഗികളൊന്നുമില്ലാതെ ജില്ല ഗ്രീൻസോണിലേക്ക്. ഏലപ്പാറയിലെ 54കാരിയായ ആശാപ്രവർത്തകയുടെ മൂന്നാമത്തെ പരിശോധനാ ഫലവും നെഗറ്റീവായി ആശുപത്രി വിട്ടതോടെയാണ് ജില്ല രോഗമുക്തമായത്. ഏപ്രിൽ 26ന് രോഗം സ്ഥിരീകരിച്ച ഇവർ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇവർ ജോലി ചെയ്തു വന്നിരുന്ന ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്കും കാണാനെത്തിയ രോഗിക്കും കൊവിഡ് ബാധിച്ചിരുന്നു. ഇവർ രോഗം ഭേദമായി നേരത്തെ തന്നെ ആശുപത്രി വിട്ടിരുന്നു. ജില്ലയിൽ ഇതുവരെ 24 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാവർക്കും തന്നെ രോഗം ഭേദമായി.

സർക്കാരിനൊപ്പം ജില്ലാ ഭരണകൂടവും ഡോക്ടർമാരും നഴ്സുമാരും മറ്റ് ഉദ്യോഗസ്ഥരും കൈകോർത്തതോടെയാണ് കൊവിഡിന്റെ കണ്ണികൾ അഴിക്കാൻ സാധിച്ചത്.

പച്ച തെളിയാൻ കാക്കണം

ജില്ല ഗ്രീൻ സോണിലാകാൻ ഇനിയും കാത്തിരിക്കണം. കൂടുതൽ ഇളവുകൾ നൽകിയാൽ മുമ്പത്തെ പോലെ രോഗവ്യാപന സാധ്യതയുണ്ട്. അതിനാൽ ഓറഞ്ച് സോൺ നിയന്ത്രണങ്ങൾ തുടരും. നിലവിൽ ജില്ലയിലെ ആറ് വാർഡുകൾ ഹോട്ട്സ്‌പോട്ടിലാണ്. പ്രവാസികളും മറ്റ് ജില്ലകളിൽ നിന്നുള്ള മലയാളികളും എത്തുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും നിയന്ത്രണം തുടരും.

ജില്ലയിൽ കൊവിഡ് ഇതുവരെ

ആകെ രോഗം ബാധിച്ചത്: 24

രോഗമുക്തരായത്: 24

നിലവിൽ ചികിത്സയിലുള്ളത്: 0

കൊവിഡ് മരണം: 0

ആദ്യം രോഗം സ്ഥിരീകരിച്ചത്: മാർച്ച് 25

റെഡ് സോണിലായത്​: ഏപ്രിൽ 27

ഏറ്റവുമൊടുവിൽ: ഏപ്രിൽ 27

ഏറ്റവും കൂടുതൽ പോസിറ്റീവ് കേസ്: ഏപ്രിൽ 26 (ആറുപേർ)