സ്വകാര്യ ബസ് സർവീസ് അനിശ്ചിതത്വത്തിൽ
തൊടുപുഴ: ലോക്ക്ഡൗണിന് ശേഷം പൊതുഗതാഗതം അനുവദിക്കുമ്പോൾ എങ്ങനെ സാധാരണ ജീവിതത്തിലേക്ക് ഓടിക്കയറുമെന്ന് അറിയാതെ സ്വകാര്യ ബസ് ജീവനക്കാരും ഉടമകളും. സർക്കാർ തീരുമാനത്തിന് അനുസരിച്ച് സീറ്റുകളിൽ സാമൂഹ്യഅകലം പാലിച്ചാകും ബസ് സർവീസുകൾ പുനരാരംഭിക്കുക. രണ്ടുപേർ ഇരിക്കുന്ന സീറ്റിൽ ഒരാൾക്ക് മാത്രമായിരിക്കും ഇരിക്കാൻ അനുമതി. ഇത് ബസുകളുടെ ദൈനംദിന കളക്ഷനിൽ വൻ ഇടിവു വരുത്തുമെന്നതിനാൽ ഇക്കാര്യം പ്രായോഗികമല്ലെന്നാണ് ബസുടമകൾ പറയുന്നത്. യാത്രക്കാർ തമ്മിൽ സുരക്ഷിത അകലം പാലിക്കേണ്ടി വന്നാൽ സർവീസുകൾ കനത്ത നഷ്ടത്തിലാകും. ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ ദിവസക്കൂലിക്കാരായ സ്വകാര്യ ബസ് ജീവനക്കാരെല്ലാം ദുരിതത്തിലാണ്. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ, ഡോർചെക്കർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്തിരുന്നവരാണ് ഒരു മാസത്തിലേറെയായി വരുമാനം ഇല്ലാതായതോടെ കഷ്ടത്തിലായത്. ഗാരേജുകളിൽ ജോലി ചെയ്തിരുന്ന മെക്കാനിക്കൽ ജീവനക്കാരും ഇക്കൂട്ടത്തിൽപ്പെടും. തൊഴിലാളികൾക്കായി ക്ഷേമനിധി ബോർഡിൽ നിന്ന് 5000 രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പലർക്കും ലഭിച്ചിട്ടില്ല. ജില്ലയിൽ പകുതിയിൽ താഴെ തൊഴിലാളികൾ മാത്രമാണ് ക്ഷേമനിധി ബോർഡിൽ അംഗമായിട്ടുള്ളത്.
ബസുകൾ തകരാറിൽ
ഒരു മാസത്തിലേറെ സർവീസ് നിറുത്തി വച്ചതിനാൽ പല ബസുകളുടെയും ബാറ്ററികൾ ഉൾപ്പെടെ തകരാറിലാണ്. ഇതിനു പുറമെ പല വാഹനങ്ങളുടെയും ടയറുകളും ഉപയോഗ ശൂന്യമായി. ഇനി ബാറ്ററികളും ടയറുകളും മാറ്റി വാഹനങ്ങൾ നിരത്തിലിറക്കുന്നതു തന്നെ പണച്ചിലവ് ഏറിയ കാര്യമാണ്.
ഉടമകളും കട്ടപ്പുറത്ത്
നേരത്തെ കട്ടപ്പുറത്തായ ബസ് വ്യവസായം ലോക്ക്ഡൗണായതോടെ ഒന്നുകൂടി പ്രതിസന്ധിയിലായെന്ന് ഉടമകളും പറയുന്നു. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ നികുതി ഒഴിവാക്കണമെന്നും വാഹനങ്ങൾ സർവീസ് ആരംഭിക്കുമ്പോൾ സൗജന്യമായി ഡീസൽ ലഭ്യമാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്. ഇതിനിടെ ഒട്ടേറെ ബസുടമകൾ സർവീസ് നിറുത്തി വയ്ക്കുന്നതിനുള്ള ജി ഫോം അപേക്ഷയും നൽകിയിട്ടുണ്ട്.
സ്വകാര്യബസുകൾ: 400
തൊഴിലാളികൾ: 2000
ഉടമകളുടെ ആവശ്യങ്ങൾ
ഡീസലിന് സബ്സിഡി നൽകുക
ക്ഷേമധിനിധി അടയ്ക്കുന്നതിന് ഇളവ്
നികുതിയ്ക്ക് ഇളവ് നൽകുക
'നിബന്ധങ്ങൾ പാലിച്ച് സർവീസ് നടത്തുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണ്. ബസുടകമളുടെയും ജീവനക്കാരുടെയും പ്രശ്നം പരിഹരിക്കുന്നതിന് സർക്കാർ ചർച്ച ചെയ്ത് പരിഹാരം കാണണം"
-കെ.കെ. തോമസ് (പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്)