ചെറുതോണി: പ്രതിഷേധ സമരത്തിന്റെ ഭാഗമായി കോഴിക്കോട് മിട്ടായി തെരുവിൽ കട തുറന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദീനെ ദേഹത്തു പിടിച്ചു തള്ളിയ പൊലീസിന്റെ നടപടിയിൽ കെ.വി.വി.ഇ.എസ് ഇടുക്കി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജനാധിപത്യ രാജ്യത്ത് ഏതൊരു പൗരനും ഏതൊരു സംഘടനയ്ക്കും പ്രതിഷേധിക്കാൻ അവകാശം ഉണ്ട്. 50 ദിവസമായി കോഴിക്കോട് മിട്ടായി തെരുവിൽ കടകൾ അടഞ്ഞു കിടക്കുന്നു. ജില്ലയിൽ മറ്റെല്ലാ ടൗണുകളിലും കടകൾ തുറക്കാൻ അനുമതി ഉള്ളപ്പോൾ മിട്ടായി തെരുവിന് മാത്രം തുടർച്ചയായി അനുമതി നിഷേധിക്കുന്ന നടപടിയിൽ പ്രതിഷേധിക്കാനാണ് പ്രസിഡന്റ് സ്വന്തം കട തുറന്നത്. ഈ സമയം പാഞ്ഞെത്തിയ പൊലീസ് കട അടപ്പിക്കുക മാത്രമല്ല ബലമായി പിടിച്ചു തള്ളുക കൂടിചെയ്തു. പൊലീസിന്റെ ഈ ധിക്കാരപരമായ നടപടി കേരളത്തിലെ വ്യാപാരി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. പൊലീസ് നടപടിയിൽ ഏകോപന സമിതി ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.എൻ ദിവാകരൻ,​ ജനറൽ സെക്രട്ടറി കെ.പി.​ ഹസൻ, ട്രഷറർ സണ്ണി പൈമ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു.