ചെറുതോണി: ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള സ്‌കൂളുകളിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. ആദ്യ ഘട്ടമായി 10, 11, 12 ക്ലാസുകളിലെ ഇനിയും പൂർത്തിയാകാനുള്ള പരീക്ഷകൾക്കുള്ള തീവ്രപരിശീലന ക്ലാസുകളാണ് ആരംഭിക്കുക. ഇതോടൊപ്പം അടുത്ത അദ്ധ്യയന വർഷത്തെ പത്താം ക്ലാസ് കുട്ടികൾക്കായുള്ള പരിശീലന ക്ലാസുകളും ആരംഭിക്കും. തുടർന്ന് ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളുടെയും ഹയർസെക്കൻഡറി ക്ലാസുകളുടെയും പരിശീലനം ആരംഭിക്കും. ലോക്ക് ഡൗൺ മൂലം അധ്യയന ദിവസങ്ങൾ നഷ്ടമാകാതെ കുട്ടികൾക്ക് മതിയായ പരിശീലനങ്ങൾ സമയബന്ധിതമായി നൽകുന്നതിന് വേണ്ടിയാണ് പദ്ധതി തയ്യാറാക്കുന്നതെന്ന് ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി ഫാ. ജോർജ് തകിടിയേൽ പറഞ്ഞു.