നെടുങ്കണ്ടം: വൃദ്ധ മാതാവിനെ ഉപേക്ഷിച്ച ആൺമക്കൾക്കെതിരെ നെടുങ്കണ്ടം പൊലീസ് കേസെടുത്തു. താന്നിമൂട് ഇല്ലിക്കാനം വെച്ചൂത്താഴത്ത് തങ്കമ്മയെ (67) കഴിഞ്ഞദിവസം നെടുങ്കണ്ടം ടൗണിൽ അലഞ്ഞിതിരിയുന്ന നിലയിൽ പഞ്ചായത്ത് അധികൃതർ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിധവയായ ഇവർക്ക് നാല് മക്കൾ ഉള്ളതായി അറിഞ്ഞു. തങ്കമ്മ ഇടുക്കിയിലെ മകളുടെ സംരക്ഷണത്തിലായിരുന്നു. എന്നാൽ മകൾക്ക് അടുത്തിടെ ഉണ്ടായ ആശുപത്രി ആവശ്യങ്ങളുമായി ബന്ധപ്പെട്ട് അമ്മയെ താന്നിമൂട്ടിലുള്ള മകന്റെ വീട്ടിൽ എത്തിച്ചിരുന്നു. പിന്നീട് ഇവർ വീട് പൂട്ടിപ്പോയതായി പറയുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലും വീട് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് പൊലീസ് നാല് മക്കളെയും വിളിച്ചെങ്കിലും മകൾ മാത്രമാണ് ഫോൺ എടുത്ത് കാര്യങ്ങൾ വിശദീകരിച്ചത്. തുടർന്നാണ് മൂന്ന് ആൺമക്കൾക്കെതിരെ കേസെടുത്തത്. വൃദ്ധയെ താൽക്കാലികമായി പഞ്ചായത്തിന്റെ സംരക്ഷണയിൽ വിട്ടു. സംഭവം സംബന്ധിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയതായി നെടുങ്കണ്ടം എസ്.ഐ ദിലീപ് കുമാർ പറഞ്ഞു.