നെടുങ്കണ്ടം: ലോക്ഡൗൺ കാലത്ത് തിരികെ കേരളത്തിലേയ്ക്ക് വരുമെന്ന് വെല്ലുവിളിച്ച് തിരിച്ചെത്തിയ തമിഴ്‌നാട് സ്വദേശിയെ നെടുങ്കണ്ടം പൊലീസ് പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം ഒമ്പതോളം ആളുകൾ അതിർത്തി കടന്ന് വന്നുവെന്ന വാർത്തയെ തുടർന്ന് പാറത്തോട്ടിൽ അന്വേഷണത്തിന് എത്തിയതാണ് നെടുങ്കണ്ടം പൊലീസ്. കൈലാസനാട് പാറത്തോട്ടിൽ താമസിച്ച് വന്നിരുന്ന മുരുകേശൻ ലോക് ഡൗണിന്റെ തുടക്കത്തിൽ കാട്ടുപാതയിലൂടെ തമിഴ്‌നാട്ടിലെ വീട്ടിലേയ്ക്ക് പോവുകയായിരുന്നു. കേരളത്തിൽ നിന്ന് പോയപ്പോൾ ആരും പിടികൂടിയില്ല. അതിനാൽ താൻ ലോക്ക്ഡൗൺ കാലത്ത് തിരികെ എത്തുമെന്ന് കേരളത്തിലുള്ള സുഹൃത്തുകളോട് വെല്ലുവിളി നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയിൽ പാറത്തോട്ടിൽ എത്തിയ മുരുകേശനെ നാട്ടുകാരുടെ നിർദ്ദേശപ്രകാരം ബന്ധുവിന്റെ വീട്ടിൽ നിന്ന് നെടുങ്കണ്ടം പൊലീസ് പിടികൂടുകയായിരുന്നു. ഇയാളെ നെടുങ്കണ്ടം യു.പി സ്‌കൂളിലെ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. തേവാരംമെട്ട് വഴി കേരളത്തിലേയ്ക്ക് കടക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകളെ നെടുങ്കണ്ടം പൊലീസ് പിടികൂടി നിരീക്ഷണത്തിലാക്കി. നാലു പേർ കാട്ടിലേയ്ക്ക് ഓടി ഒളിച്ചു. ആനക്കല്ല് സ്വദേശിനികളായ ഇവർ ലോക്ക് ഡൗണിന് മുമ്പ് തമിഴ്‌നാട്ടിലേയ്ക്ക് പോയതാണ്. പൊലീസിന്റെയും വാർഡ്തല നിരീക്ഷണ സമിതിയുടെയും നേതൃത്വത്തിൽ ഇവരെ തടഞ്ഞ് വയ്ക്കുകയായിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന നാല് പുരുഷൻമാർ കാട്ടിലേയ്ക്ക് ഓടി ഒളിച്ചു. വയോധികയേയും മകളെയും നെടുങ്കണ്ടത്തെ നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി.