rajendran
സംഭവ സ്ഥലത്തെത്തിയ എസ്. രാജേന്ദ്രൻ എം.എൽ.എ

മൂന്നാർ: ആരോഗ്യവകുപ്പും എസ്റ്റേറ്റ് അധികൃതരും കൈവിട്ടതോടെ പ്രവേശിക്കാനാകാതെ യുവാവും കുടുംബവും മണിക്കൂറുകളോളം പെരുവഴിയിലായി. മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിലെ സിദ്ധാർത്ഥും കുടുംബവുമാണ് മണിക്കൂറുകൾ വഴിയിൽ കുടുങ്ങിയത്. കഴിഞ്ഞ അഞ്ചിനാണ് ഗൂഡാർവിള എസ്റ്റേറ്റ് തൊഴിലാളി വേൽമുരുകന്റെ മകൻ തമിഴ്‌നാട് തിരുപ്പൂരിൽ നിന്ന് വാളയാർ വഴി എത്തിയത്.

ഇന്നലെ കമ്പനി അധികൃതർ അറിയിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് യുവാവിനെയും മാതാപിതാക്കളെയും സഹോദരിയെയും ദേവികുളത്തെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ഇവരിലാർക്കും രോഗലക്ഷണങ്ങൾ ഇല്ലാതിരുന്നതിനാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്ന് നിർദ്ദേശിച്ചുകൊണ്ട് ഇന്നലെ ഉച്ചയോടെ അധികൃതർ ആംബുലൻസിൽ എസ്റ്റേറ്റിലേക്ക് മടക്കി വിട്ടു.

എന്നാൽ ഇവരുമായി എത്തിയ ആംബുലൻസ് ഗൂഡാർവിള ചെക് പോസ്റ്റിൽ കമ്പനി അധികൃതർ തടഞ്ഞു. നിരീക്ഷണ കാലവധി കഴിയാതെ എസ്റ്റേറ്റിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്ന തൊഴിലാളികളുടെ ആവശ്യത്തെ തുടർന്നായിരുന്നു ഇത്. വൈകാതെ രോഗിയെ ചെക് പോസ്റ്റിൽ ഇറക്കിവിട്ട് ആംബുലൻസ് മൂന്നാറിലേക്ക് മടങ്ങി. ഇതോടെ കുടുംബം മണിക്കൂറുകളോളം പെരുവഴിയിലായി. സംഭവമറിഞ്ഞ് എസ്. രാജേന്ദ്രൻ എം.എൽ.എ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി കമ്പനി മാനേജ്‌മെന്റും ആരോഗ്യ വകുപ്പുമായി ചർച്ച നടത്തി. തുടർന്ന് ഇവരെ എസ്റ്റേറ്റിൽ തന്നെ നിരീക്ഷണത്തിൽ താമസിപ്പിക്കാൻ ധാരണയാക്കി. ഇതിനായി ഗൂഡാർവിള നെറ്റിക്കുടി ലോവർ ഡിവിഷനിൽ പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തു.