കട്ടപ്പന : നാട്ടിലെത്തിയ പ്രവാസിയായ ഗൃഹനാഥൻ ക്വാറന്റൈനിൽ പ്രവേശിക്കുമ്പോഴുള്ള മാനസികാവസ്ഥ ചർച്ച ചെയ്യുന്ന ഹ്രസ്വചിത്രം 'ക്വാറന്റൈൻ' പ്രേക്ഷക ശ്രദ്ധ നേടുന്നു. കട്ടപ്പന സ്വദേശികളായ മാദ്ധ്യമ പ്രവർത്തകരാണ് ചിത്രത്തിന്റെ അണിയറ ശില്പികൾ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച മകളെ കാണാൻ നാട്ടിലെത്തി ഹോം ക്വാറന്റൈനിൽ പ്രവേശിക്കുമ്പോഴുള്ള മാനസിക സംഘർഷങ്ങളാണ് ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ചിത്രത്തിന്റെ അതിവൃത്തം. കേരളത്തിലെ മികച്ച പ്രതിരോധ പ്രവർത്തനങ്ങളെ പറ്റിയും ചിത്രത്തിൽ പറയുന്നു. ജിതിൻ ജോസഫും മനു വർഗീസും ചേർന്നൊരുക്കിയ ആറു മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രാഹുൽ അമ്പാടിയാണ്. ചിത്രസംയോജനം അബി ജെ. ചലച്ചിത്ര നിർമാണ കമ്പനിയായ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സിന്റെ യുട്യൂബ് ചാനലിലൂടെലാണ് ഹ്രസ്വചിത്രം റിലീസ് ചെയ്തത്.