തൊടുപുഴ: ലോക്ക് ഡൌൺ നിലനിൽക്കെ തന്നെ ഹയർ സെക്കന്ററി പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾ നടത്താൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ ക്യാമ്പുകളിൽ സാമൂഹ്യ അകലവും പകർച്ചവ്യാധി സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കണമെന്ന് എയ്ഡഡ് ഹയർ സെക്കന്ററി ടീച്ചേർസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണ ഒരു ക്യാമ്പിൽ വിവിധ വിഷയങ്ങളിലായി ഇരുന്നൂറു മുതൽ നാനൂറ് വരെ അദ്ധ്യാപകരെ നിയമിക്കാറുണ്ട്. അതായത് ഒരു മുറിയിൽ മുപ്പത്തിയഞ്ചു പേരെങ്കിലും ഉണ്ടാകും. സർക്കാർ നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൌൺ ചട്ടപ്രകാരം ശവസംസ്‌കാര ചടങ്ങിൽ പോലും ഇരുപത് പേരിൽ കൂടാൻ പാടില്ല. എന്നാൽ മൂല്യനിർണയ ക്യാമ്പുകളെ സംബന്ധിച്ചു ഇത്തരത്തിൽ യാതൊരു നിർദേശങ്ങളും സർക്കാർ നൽകിയിട്ടില്ല. പൊതു ഗതാഗത സംവിധാനങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ അദ്ധ്യാപകരിൽ ഭൂരിപക്ഷം വരുന്ന വനിതകൾക്കും എത്തിച്ചേരാൻ പ്രയാസം ഉണ്ടാവും.
ജില്ലാ കമ്മിറ്റി യോഗത്തിൽ സംഘടനാ നേതാക്കളായ ജെയ്‌സൺ മാത്യു, ഷിജു കെ ജോർജ്, ടോജി തോമസ്, അനിൽ കുമാരമംഗലം, ഫ്രാൻസിസ് തോട്ടത്തിൽ, സണ്ണി കൂട്ടുങ്കൽ എന്നിവർ സംസാരിച്ചു.