പിടിയിലായവർ ഒരു മാസംമുമ്പ് തമിഴ്നാട്ടിലെ തേവാരത്ത് ബന്ധുവിന്റെ വിവാഹത്തിന് പോയവർ
നെടുങ്കണ്ടം: വനപാതയിലൂടെ വരുന്നതിനിടെ പൊലീസ് പരിശോധന കണ്ട് കാട്ടിലൊളിച്ച അഞ്ച് പേർ കൂടി പിടിയിലായി. കേരള തമിഴ്‌നാട് അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ പാറത്തോട്ടിൽ വനത്തിൽ ഒളിച്ച രണ്ട് സ്ത്രീകളും മൂന്ന് പുരുഷൻമാരുംഅടക്കമുള്ള സംഘമാണ് ശനിയാഴ്ച്ച രാത്രി വൈകി പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന രണ്ട് സ്ത്രീകളെ നേരത്തെ പിടികൂടിയിരുന്നു.. തമിഴ്‌നാട് തേവാരത്തുനിന്നും വനത്തിലൂടെ കാൽനടയായി ഏഴംഗ സംഘം ശനിയാഴ്ച അതിർത്തി
കടക്കാൻ ശ്രമിച്ചിരുന്നു.ഒരു മാസം മുൻപ് തമിഴ്‌നാട് തേവാരത്തിനു സമീപം ബന്ധുവിന്റെ വിവാഹത്തിൽ
പങ്കെടുക്കാനാണ് ഇവർ തേവാരത്തേക്ക് പോയത്. ലോക് ഡൗൺ നീട്ടിയതോടെ
ഏഴുപേരും തമിഴ്‌നാട്ടിൽ കുടുങ്ങി. ഇവർ ആനക്കല്ലിൽ സ്ഥലവും വീടും
ഉള്ളവരാണ്. തിരികെ മടങ്ങാൻ സാധിക്കാതെ വന്നതോടെ പൊലീസിനെ വെട്ടിച്ച് വനത്തിലൂടെ കടക്കുകയായിരുന്നു.രണ്ട്പേരെ പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെ ബാക്കിയുള്ളവർ കാട്ടിലൊളിക്കുകയായിരുന്നു. പൊലീസ്, വാർഡുതല നിരീക്ഷണ സമിതി എന്നിവരുടെ സംയുക്തനേതൃത്വത്തിലാണ് പിടികൂടിയത്. . കനകരാജ്(55), ഭാര്യ
പവനത്തായി(50), മകൻ പൂബാലൻ(22), ബന്ധുവായ കൃഷ്ണൻ(41), ഭാര്യ പുതുമണി(35)
എന്നിവരാണ് പിടിയിലായത്. ഇവരെ ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം
നെടുങ്കണ്ടത്തെ ക്വാറന്റൈൻ സെന്ററിൽ നിരീക്ഷണത്തിലാക്കി.