തൊടുപുഴ: മൂന്നു ദിവസങ്ങളിലായി വിദേശത്തു നിന്നും ജില്ലയിൽ എത്തിയത് 37 പേർ. 23 പേർവിമാന മാർഗവും 14 പേർ കപ്പലിലുമാണ് എത്തിയത്. ഇവരെ തൊടുപുഴയിലെ വിവിധ കോവിഡ് കെയർ സെന്ററുകളിലേക്കും വീടുകളിലേക്കും നിരീക്ഷണത്തിനായി മാറ്റി. ഇന്നലെ മാലി ദ്വീപിൽ നിന്നും കൊച്ചിയിലെത്തിയ കപ്പലിൽ ജില്ലയിലേക്ക് ഒൻപതു പുരുഷൻമാരും അഞ്ച് സ്ത്രീകളുമാണ് എത്തിയത്. ഇതിൽ ഗർഭിണിയായ യുവതിയും ഉൾപ്പെടുന്നു. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് യുവതിയെ മൂവാറ്റുപുഴയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകിയതിനു ശേഷം വീട്ടിലേക്ക് അയച്ചു. ഒൻപത് പേരെ അൽഅസ്ഹർ കോളജ് ഹോസ്റ്റലിലെ കോവിഡ് കെയർ സെന്ററിലേക്കും നാലു സ്ത്രീകളെ ഐശ്വര്യ ടൂറിസ്റ്റ് ഹോമിലും പാർപ്പിച്ചു. ശനിയാഴ്ച രാത്രി വിമാന മാർഗമെത്തിയ 14 പേരിൽ ഒൻപതു പേരെ തൊടുപുഴയിലെ വിവിധ സ്ഥാപനങ്ങളിലെ സെന്ററുകളിലേക്ക് നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ആദ്യ ദിവസം എത്തിയ ഒൻപതു പേരിൽ നാലു പേർ കോവിഡ് കെയർ സെന്ററുകളിലും ബാക്കിയുള്ളവർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുകയാണ്.