തൊടുപുഴ: ലോക്ക്ഡൗൺ കാലത്തെ വൈദ്യുതി ബില്ലുകൾ റദ്ദാക്കണമെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ്. അശോകനും കൺവീനർ അഡ്വ. അലക്‌സ് കോഴിമലയും സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. അടഞ്ഞു കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെയും ഫാക്ടറികളുടെയും വൈദ്യുതി ബില്ലുകൾ അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് അന്യായമാണ്. റീഡിംഗ് എടുക്കാതെ ഊഹത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന ബില്ലുകൾ ജനങ്ങൾക്ക് ഇരുട്ടടിയാണ്. ബിൽ തുകയുടെ എഴുപത് ശതമാനം അടച്ചാൽ മതി എന്ന നിർദേശം ഉപഭോക്താക്കൾക്ക് ഗുണം ചെയ്യില്ല. അധിക ബിൽ അടയ്ക്കേണ്ട എന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവന കൊണ്ടു മാത്രം കാര്യമില്ല. അധിക ബിൽ എന്ന വാക്കിന്റെ നിർവചനം എന്താണെന്നും വ്യക്തമല്ല. അയൽ സംസ്ഥാനങ്ങൾ വൈദ്യുതി ബിൽ റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത് കേരള സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.