കട്ടപ്പന: തവളപ്പാറയിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ദുരന്തഭീതി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പന നഗരസഭാദ്ധ്യക്ഷന് ബി.ജെ.പി നിവേദനം നൽകി. രണ്ടു പ്രളയങ്ങളിലും ഉണ്ടായ ഉരുൾപൊട്ടലിൽ മൂന്നു വീടുകൾ നശിക്കുകയും കൃഷിയിടങ്ങൾ ഒലിച്ചുപോകുകയും ചെയ്തിരുന്നു. മലമുകളിൽ പലസ്ഥലങ്ങളിലും വിള്ളൽ രൂപപ്പെട്ടതിനാൽ ഒഴുകിവരുന്ന വെള്ളം നീർച്ചാലുകൾ നിർമിച്ച് തോടുകളിലേക്ക് ഒഴുക്കണം. പ്രദേശത്ത് കൂടുതൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സ്ഥഥലത്ത് സന്ദർശനം നടത്തിയ ജിയോളജി സംഘത്തിന്റെ റിപ്പോർട്ട് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി ദുരിതബാധിതരെ പുനരധിവസിപ്പിക്കണം. ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്. രതീഷ്, കട്ടപ്പന നഗരസഭ കൗൺസിലർ പി.ആർ. രമേശ്, പ്രസാദ് വിലങ്ങുപാറ എന്നിവരാണ് നിവേദനം നൽകിയത്.