തൊടുപുഴ: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ദുരിതത്തിലായ കർഷകരുടെയും തോട്ടംതൊഴിലാളികൾ ഓട്ടോ, ടാക്‌സി, ബസ് തൊഴിലാളികൾ, പരമ്പരാഗതമേഖലയിലെ തൊഴിലാളികൾ, അസംഘടിതമേഖലയിലെ തൊഴിലാളികൾ എന്നിവരുടെ പ്രശ്‌നങ്ങൾ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽക്കൊണ്ടുവരുന്നതിനായി കെപിസിസി ആഹ്വാനം ചെയ്തിരിക്കുന്ന കുത്തിയിരുപ്പ് ഇന്ന്. രാവിലെ 10 മുതൽ 12 വരെ എല്ലാ പഞ്ചായത്തുകളിലെയും ഏതെങ്കിലും ഒരു സർക്കാർ ആഫീസിനുമുമ്പിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമര പരിപാടികൾ നടക്കും.
കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ കടുത്ത ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് സഹായം എത്തിക്കാൻ ഇനിയും താമസിക്കരുത്. കൃഷിക്കാരുടെ ജീവിതം തന്നെ വഴിമുട്ടി നിൽക്കുകയാണ്. മിക്കവരും സ്വകാര്യ, ധനകാര്യസ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ബാങ്കുളിൽനിന്നും വായ്പയെടുത്താണ് കൃഷിയിറക്കിയത്. പലരും ജപ്തി ഭീഷണി നേരിടുന്നവരുമാണ്. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയംകൊണ്ട് ഒരു പ്രയോജനവും കർഷകർക്കില്ല. ഓട്ടോ, ടാക്‌സി, തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അടിയന്തിരമായി 10000 രൂപ വീതം സഹായം നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഡി.സി.സി നേതൃത്വം അറിയിച്ചു.