തൊടുപുഴ: അർധരാത്രി അക്രമിസംഘം വാഹനങ്ങളിലെത്തി രണ്ടു വീടുകൾ അടിച്ചു തകർത്തു. നാഗപ്പുഴ പത്തോത്തി ചീങ്കല്ലേൽ ബാബു വാടകയ്ക്ക് താമസിക്കുന്ന വീടിന്റെയും കുമാരമംഗലത്തെ സ്വന്തം വീടിന്റെയും നേർക്കാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കുമാരമംഗലം മാടകയിൽ ബാലു (26) സഹോദരൻ അജയ് (25) എന്നിവരെ അന്ന് രാത്രി തന്നെ കുമാരമംഗലത്തുള്ള കനാലിന് സമീപത്ത് നിന്ന് പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. കലൂർക്കാട് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ ഇന്നലെ റിമാൻഡ് ചെയ്തു. കൂടെയുണ്ടായിരുന്നവർക്കുള്ള തിരച്ചിൽ തുടരുന്നു. ഞായറാഴ്ച രാത്രി 11.45നായിരുന്നു സംഭവം. ബാബു വാടകയ്ക്ക് താമസിക്കുന്ന നാഗപ്പുഴ പത്തോത്തിയിലെ വീട്ടിൽ അസഭ്യവർഷവുമായെത്തിയ സംഘം ഇരുമ്പുവടിയും തടിയുമുപയോഗിച്ച് വീടിന്റെ ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. മുറ്റത്തുണ്ടായിരുന്ന രണ്ട് സ്‌കൂട്ടറുകളും സാധനങ്ങളും അടിച്ചു തകർത്തു. തുടർന്ന് ആക്രമിസംഘം കുമാരമംഗലത്തുള്ള വീട്ടിലെത്തി ജനൽചില്ലുകളും വീട്ടുപകരണങ്ങളും തകർത്തു. വീണ്ടും പത്തോത്തിയിലെത്തി ബാബുവിനെയും കുടുംബാംഗങ്ങളെയും ഭീഷണിപ്പെടുത്തുകയും അസഭ്യവർഷം നടത്തുകയും ചെയ്ത ശേഷമാണ് സംഘം മടങ്ങിയതെന്ന് ബാബുവിന്റെ പരാതിയിൽ പറയുന്നു. ആക്രമം നടക്കുമ്പോൾ ബാബുവിന്റെ ഭാര്യയും മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വീടിന് പുറത്തിറങ്ങാതിരുന്നതിനാലാണ് ആക്രമിക്കാതിരുന്നതെന്ന് ബാബു പറഞ്ഞു. ബാബുവിന്റെ മകൻ വിഷ്ണുവും അറസ്റ്റിലായ ബാലുവും കൊച്ചിയിൽ ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. വിഷ്ണു ഓടിച്ചിരുന്ന വാഹനം ബാലു മാറി ഓടിച്ച് അപകടത്തിൽ പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ ശമ്പളം കട്ട് ചെയ്തിരുന്നു. ഇരുവരും തമ്മിൽ ഇതെ ചൊല്ലി വഴക്കുണ്ടാകുകയും പരാതി നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിന് കാരണം.