തൊടുപുഴ: കൊവിഡ്- 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക്. ജില്ലയിൽ ആദ്യമായാണ് സഹകരണമേഖലയിൽ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്ക് ടച്ച് എൻ ബൈ എന്ന പേരിൽ മൊബൈൽ ആപ്പ് പുറത്തിറക്കുന്നത്. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള ഇടപാടുകാർക്ക് നിത്യോപയോഗ സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നതിന് സഹായകമായ ആപ്പ് ആണിത്. ഇടപാടുകാർ ഈ മൊബൈൽ ആപ്പ് വഴി ഓൺലൈൻ ഓർഡർ ചെയ്താൽ സാധനങ്ങൾ 24 മണിക്കൂറിനുള്ളിൽ വീട്ടിൽ എത്തിച്ചു നൽകും. മിനിമം 300 രൂപയ്ക്കുള്ള ഓർഡറുകളാണ് സ്വീകരിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായുള്ള പെർഫെക്ട് സോഫ്‌റ്റ്‌വെയർ സൊല്യൂഷൻസാണ് ഈ ആപ്പ് നിർമ്മിച്ചു നൽകിയത്. പി.ജെ. ജോസഫ് എം.എൽ.എ ആപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ടോമി തോമസ്, വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, സെക്രട്ടറി വി.ടി. ബൈജു എന്നിവർ പങ്കെടുത്തു.