anchuruli
അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെ ടണൽമുഖത്ത് കൈവരികൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു

കട്ടപ്പന: അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിൽ സന്ദർശകർക്ക് കൂടുതൽ സൗകര്യവും സുരക്ഷയും ഒരുക്കുന്നു. ഇടുക്കി ജലാശയത്തിന്റെ വിദൂര ദൃശ്യവും നയനമനോഹരമായ കാഴ്ചകളും ടണൽമുഖത്തുനിന്ന് സുരക്ഷിതമായി ആസ്വദിക്കുന്നതിനായി കൈവരി സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ലോക്ക് ഡൗണിൽ സന്ദർശകർ ഇല്ലാത്തതിനാൽ കഴിഞ്ഞ ദിവസമാണ് ജോലികൾ ആരംഭിച്ചത്. ടണൽമുഖത്തേയ്ക്ക് പുതുതായി നിർമിച്ച മൺപാതയിൽ നിന്നാണ് ഇടുക്കി ജലാശയത്തിലേക്ക് വെള്ളം പതിക്കുന്ന ഭാഗത്ത് കൈവരികൾ സ്ഥാപിക്കുന്നത്. നിർമാണം പൂർത്തീകരിക്കുന്നതോടെ കൊച്ചുകുട്ടികൾക്കും സുരക്ഷിതമായി ടണൽമുഖത്ത് നിൽക്കാം. പാറ കുഴിച്ചാണ് കൈവരിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നത്. കൈവരിയുടെ ഏറ്റവും മുകളിലുള്ള പൈപ്പ് മാത്രമേ വെൽഡ് ചെയ്ത് ഉറപ്പിച്ചിട്ടുള്ളൂ. താഴേയ്ക്കുള്ള രണ്ട് പൈപ്പുകൾ ഊരി മാറ്റാവുന്ന നിലയിലാണ്. മഴക്കാലത്ത് ടണലിലൂടെ ഇടുക്കി ജലാശയത്തിൽ പതിക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് വർദ്ധിക്കുമ്പോൾ പൈപ്പുകൾ ഊരി മാറ്റാം. കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. ശശിയുടെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെയാണ് കൈവരികൾ സ്ഥാപിക്കാനായി തുക സമാഹരിച്ചത്. 32,000 രൂപയാണ് നിർമ്മാണച്ചെലവ്.