ചെറുതോണി : കാമാക്ഷി മരിയാപുരം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പ്രകാശ് കരിക്കിൻമേട് ഉപ്പുതോട് റോഡിന് 3 കോടി രൂപ കൂടി അനുവദിച്ചു ഉത്തരവായതായി റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ചഅഞ്ച് കോടി രൂപക്ക് പുറമെയാണിത് . ഇതോടെ 8.5 കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് പൂർണമായും മികച്ച ഗുണനിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കാനാകും. ഗ്രാമീണ മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന റോഡ് മരിയാപുരം, വാത്തിക്കുടി, കാമാക്ഷി പഞ്ചായത്തുകളിലെ യാത്രക്കാർക്ക് ഏറെ പ്രയോജന പ്രദമാണ്. റോഡ് പൂർത്തിയാകുന്നതോടെ കട്ടപ്പന ഇരട്ടയാർ പ്രകാശ് ഉപ്പുതോട് ചേലച്ചുവട് ആയി ബന്ധിച്ചു ഒരു സമാന്തരപാത കൂടി പൂർത്തിയാക്കാനാകും. കുടിയേറ്റ ജനതയുടെ ചിരകാല അഭിലാഷമാണ് ഈ റോഡ് പൂർത്തീകരണത്തിലൂടെ സാദ്ധ്യമാകുന്നത്. ആദ്യത്തെ 6 കിലോമീറ്റർ 5 കോടി രൂപ വിനിയോഗിച്ചും ശേഷിക്കുന്ന പ്രവർത്തി ഇപ്പോൾ അനുവദിച്ചിട്ടുള്ള 3 കോടി രൂപ വിനിയോഗിച്ചും പൂർത്തിയാക്കും. 5 കോടി രൂപയുടെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ കഴിഞ്ഞിട്ടുള്ളതാണെന്നും എംഎൽഎ അറിയിച്ചു.