bijitha
ബിജിത

തൊടുപുഴ: ഒപ്പം മലയാളികളില്ലാതെ വിദേശരാജ്യത്ത് കുടുങ്ങിയ നഴ്സ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കരുണയ്ക്കായി കേഴുന്നു. തൊടുപുഴ മുട്ടം സ്വദേശി വിളക്കോടിയിൽ ബിജിതയാണ് പരസഹായമില്ലാതെ അസർബൈജാൻ രാജ്യത്ത് കുടുങ്ങിയത്.

ജർമ്മനിയിൽ നഴ്സിംഗ് ജോലിക്ക് പോകുന്നതിനുവേണ്ടി ജർമ്മൻ ഭാഷ പഠിക്കാനാണ് കഴിഞ്ഞ ഫെബ്രുവരിയിൽ ബിജിത റഷ്യയുടെ അതിർത്തി രാജ്യമായ അസർബൈജാനിൽ എത്തിയത്. ബിജിതയ്ക്കൊപ്പം മറ്റ് മലയാളികളാരുമില്ല. കൂടെ പഠിക്കുന്നത് ശ്രീലങ്കക്കാരാണ്. ലോക്ക്ഡൗണിന്റെ ആദ്യ നാളുകളിൽ ആത്മവിശ്വാസത്തോടെ വീട്ടുകാരുമായി സംസാരിച്ചിരുന്ന ബിജിത രണ്ട് ദിവസമായി ഭീതിയിലാണ്. നാട്ടിലെത്താൻ സഹായം അഭ്യർത്ഥിച്ച് കരഞ്ഞുകൊണ്ടുള്ള ബിജിതയുടെ ഫേസ്ബുക്ക്‌ പോസ്റ്റ് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. മറ്റ് രാജ്യങ്ങളിൽ പെട്ടുപോയവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം നടക്കുന്നുണ്ടെങ്കിലും അസർബൈജാനുമായി കണക്ഷൻ ഫ്ളൈറ്റ് ഇല്ല. കേരളത്തിൽ നഴ്സായിരുന്ന ബിജിത കണ്ണൂരിലുള്ള ഏജൻസി മുഖേനെയാണ് അവിടെയെത്തിയത്. ബിജിതയെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തിൽ ഏജൻസിക്കും ഒന്നും ചെയ്യാനാവില്ല. ഒരാൾക്കുമാത്രമായി അസർബൈജാനിലേക്ക് ഫ്ളൈറ്റ് അയയ്ക്കുകയെന്നത് അപ്രായോഗികമാണെന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാർ അധികൃതർ ബിജിതയുടെ വീട്ടുകാരെ അറിയിച്ചത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായും സംസ്ഥാന സർക്കാരുമായും ഡീൻ കുര്യാക്കോസ് എം.പിയുമായും വീട്ടുകാർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ബിജിതയുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നുണ്ടെന്നത് മാത്രമാണ് കുടുംബാംഗങ്ങളുടെ ആശ്വാസം.