കട്ടപ്പന: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സൂപ്പർ ഹീറോയായ അമ്മമാലാഖയ്ക്ക് മക്കളുടെ അപ്രതീക്ഷിത സ്‌നേഹാദരം. മുംബൈ ഭാഭ അറ്റോമിക് റിസർച്ച് സെന്റർ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായ കട്ടപ്പന കൽത്തൊട്ടി സ്വദേശിനി സലിമോൾക്കും സഹപ്രവർത്തകർക്കുമായി ലോക നഴ്‌സസ് ദിനത്തിൽ ആറു മക്കൾ ചേർന്ന് ആദരമർപ്പിക്കുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങൾ ഏറ്റെടുത്തത്. 'അമ്മച്ചി... അമ്മച്ചി... ഹാപ്പി ഹാപ്പി നഴ്‌സസ് ഡേ എന്നു തുടങ്ങുന്ന ഗാനം മക്കളായ ലിസ്മരിയ, ലിന്നറ്റ് അന്ന, ലായൽ റോസ്, ലിയോണ ആഗ്‌നസ്, ലവീൺ തോമസ്, ലൂയീസ് ജോസഫ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. കട്ടപ്പന കൽത്തൊട്ടി പുന്നക്കുഴിയിൽ സാജുവിന്റെ ഭാര്യയാണ് സലിമോൾ. സലിമോളും സാജുവും ആറു മക്കളും മുംബൈയിലെ ആശുപത്രി ക്വാർട്ടേഴ്‌സിലാണ് താമസം. ഇന്നലെ നഴ്‌സസ് ദിനത്തിൽ രാവിലെ ജോലിക്കു പോകാനായി സലിമോൾ പുറത്തേയ്ക്ക് വന്നപ്പോഴായിരുന്നു മക്കളുടെ ഗാനോപഹാരം. തുടർന്ന് കേക്കും അമ്മയ്ക്ക് കൈമാറി. ഇന്ത്യൻ വ്യോമസേനയിൽ നിന്നു വിരമിച്ചശേഷമാണ് സലിമോൾ ഭാഭ അറ്റോമിക് റിസർച്ച് സെന്ററിൽ ജോലിക്ക് പ്രവേശിച്ചത്. കൊവിഡ് പോരാട്ടത്തിന്റെ ഭാഗമായി സേവനമനുഷ്ഠിക്കുകയാണ് ഈ വീട്ടമ്മ. ലോക് ഡൗൺ കാലത്ത് ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് അമ്മയും സഹപ്രവർത്തകരും രോഗികളെ പരിചരിക്കുന്നതെന്ന തിരിച്ചറിവാണ് ഇവർക്ക് സ്‌നേഹാദരം നൽകാൻ മക്കളെ പ്രേരിപ്പിച്ചത്.
2015ൽ മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പ്രസവിച്ച യുവതിയേയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയതിനു സലിമോളെയും സുഹൃത്ത് മിനി താജുവിനെയും മഹാരാഷ്ട്ര ഭരണകൂടവും മുംബൈ നഗരവും ആദരിച്ചിരുന്നു. ട്രെയിനിൽ പ്രസവിച്ചയുടനെ പൊക്കിൾകൊടി മുറിച്ച് കുഞ്ഞിനെയും അമ്മയേയും രക്ഷപ്പെടുത്തിയത് ലോകത്തിലെ മുഴുവൻ മലയാളി നഴ്‌സുമാരുടെയും അഭിമാനമായി സലിമോളും മിനിയും മാറി. ട്രെയിനിലെ രണ്ടാം ക്ലാസ് വനിത കംപാർട്ട്‌മെന്റ് പ്രസവമുറിയാക്കി മാറ്റി മുംബൈ സ്വദേശിനി ശ്യാമ പർവീൺ മുഹമ്മദ് ശൈഖ് ആൺകുട്ടിക്ക് ജന്മം നൽകി. യാത്രക്കാരിലൊരാൾ നൽകിയ കത്രിക കൊണ്ട് പൊക്കിൾക്കൊടി മുറിച്ച് തലയിൽ ധരിച്ചിരുന്ന ക്ലിപ് ഉപയോഗിച്ച് ക്ലിപ്പിട്ടു. അടുത്ത സ്‌റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ യുവതിയേയും കുഞ്ഞിനെയും അതിവേഗം ആശുപത്രിയിലുമെത്തിച്ച് ശുശ്രൂഷ നൽകിയ സംഭവം മറ്റു നഴ്‌സുമാർക്കും പ്രചോദനം നൽകുന്നതായിരുന്നു. ആദരഗാനം പുറത്തിറങ്ങിയതോടെ അമ്മ മാലാഖയ്ക്കും മക്കൾക്കും അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്.