തൊടുപുഴ: ജില്ലയിലെ പതിനായിരക്കണക്കിന് വരുന്ന ആട്ടോ- ടാക്‌സി തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ലോക്ക്‌ഡൗൺ ഏറ്റവും കൂടുതൽ ബാധിച്ചത് കേരളത്തിലെ ആട്ടോ- ടാക്‌സി തൊഴിലാളികളെയാണ്. കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്ത് രാവും പകലും അദ്ധ്വാനിക്കുന്ന പല ആട്ടോ- ടാക്‌സി കുടുംബങ്ങളും ഇന്ന് പട്ടിണിയുടെ വക്കിലാണ്. ഇത് കണ്ടില്ലെന്ന് നടിച്ച് സർക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ജയേഷ് വി പറഞ്ഞു. ഘട്ടംഘട്ടമായി കടകളും മറ്റു വ്യവസായ സ്ഥാപനങ്ങളും മറ്റും തുറന്നു നൽകാൻ സർക്കാർ തയ്യാറായപ്പോൾ അന്നന്നത്തെ ആഹാരത്തിന് വണ്ടിയോടിക്കുന്ന പാവം ആട്ടോ- ടാക്‌സി തൊഴിലാളികളെ കണ്ടില്ലെന്ന് നടിക്കുന്നത് വളരെ ദയനീയമാണ്. ഇളവകൾക്കനുസരിച്ച് ആട്ടോ- ടാക്‌സി തൊഴിലാളികൾക്ക് അർഹമായ പരിഗണന കൊടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.