തൊടുപുഴ: ബീവറേജ് കോർപ്പറേഷന്റെ ഒളമറ്റത്തുള്ള വെയർ ഹൗസിൽ നിന്ന് രഹസ്യമായി മദ്യം കടത്തിക്കൊണ്ട് പോകുന്നതായി വിവരം. ഇത് സംബന്ധിച്ച് വെയർ ഹൗസ് അധികൃതർ നൽകിയ പരാതിയിൽ തൊടുപുഴ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വെയർ ഹൗസിലെത്തി അന്വേഷണം ആരംഭിച്ചു.വെയർ ഹൗസിന്റെ മുറ്റത്തും സമീപ പ്രദേശങ്ങളിലും ലോഡുമായി കിടക്കുന്ന ലോറികളിൽ നിന്നാണ് മദ്യം രഹസ്യമായി കടത്തുന്നതെന്നാണ് വെയർ ഹൗസ് അധികൃതർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. ബീവറേജ് കോർപ്പറേഷന്റെ ജില്ലയിലുള്ള17ഔട്ട് ലെറ്റിലേക്കുള്ള ലോഡ് പൂർണ്ണമായും വിതരണം ചെയ്യുന്നത് ഒളമറ്റം വെയർ ഹൗസിൽ നിന്നാണ്.കൂടാതെ ഇടുക്കി,എറണാകുളം ഉൾപ്പടെയുള്ള ജില്ലകളിലെ ചില സ്വകാര്യ ബാറുകളിലേക്കുമുള്ള സ്റ്റോക്കും പ്രധാനമായും വിതരണം ചെയ്യുന്നതും ഇവിടെ നിന്നാണ്.മഹാരാഷ്ട്ര, തമിഴ്നാട് ഗുജറാത്ത്‌,ആന്ധ്ര, ബീഹാർ,ബാംഗ്ലൂർ,ഒറീസ,പോണ്ടിച്ചേരി തുടങ്ങി സംസ്ഥാനത്തിന് പുറമെയുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സ്റ്റോക്കാണ് ഇവിടേക്ക് എത്തുന്നത്.ഒപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളിലിൽ നിന്നുള്ള സ്റ്റോക്കും എത്തുന്നുണ്ട്.വെയർ ഹൗസിനകത്ത് സ്ഥല പരിമിതിയുള്ളതിനാൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ലോറികളിൽ എത്തുന്ന സ്റ്റോക്ക് കൃത്യമായി വെയർ ഹൗസിൽ ഇറക്കാൻ കഴിയാറില്ല.ഇവിടെ നിന്ന് സ്റ്റോക്ക് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നതിൻ പ്രകാരമാണ് പുതിയ സ്റ്റോക്ക് ഇറക്കാൻ കഴിയുകയുള്ളു. ജീവനക്കാർക്കും തൊഴിലാളികൾക്കും എത്തിച്ചേരാൻ കഴിയാത്തതിനാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം എത്തിയ പുതിയ സ്റ്റോക്ക് ഇറക്കാൻ കഴിയാതെ വെയർ ഹൗസിന് പുറത്ത് ലോറികളിൽ തന്നെ കെട്ടി കിടക്കുകയുമാണ്.

പണ്ടും പരാതി

സ്റ്റോക്ക് ഇറക്കാൻ കഴിയാതെ വെയർ ഹൗസിന് പുറത്തു കിടക്കുന്ന ലോറിയിൽ നിന്നാണ് മദ്യം വ്യാപകമായി കടത്തുന്നത് എന്നാണ് ഇപ്പോഴുള്ള പരാതി.എന്നാൽ വെയർ ഹൗസിൽ സൂക്ഷിച്ചിരിക്കുന്ന സ്റ്റോക്കിൽ നിന്നും മദ്യം വ്യാപകമായി കടത്തിക്കൊണ്ട് പോകുന്നതായിട്ടും വ്യാപകമായ ആരോപണം ഉയർന്നിട്ടുണ്ട്.ഇത് സംബന്ധിച്ച് വർഷങ്ങൾക്ക് മുൻപ് ബീവറേജ് കോർപ്പറേഷന്റെ അന്നത്തെ എം ഡി ക്ക് വെയർ ഹൗസിലെ ചില ജീവനക്കാർ പരാതി നൽകിയിട്ടുമുണ്ട്.പുറത്ത് കിടക്കുന്ന ലോറികളിൽ നിന്നാണെങ്കിലും അകത്തുള്ള സ്റ്റോക്കിൽ നിന്നാണെങ്കിലും "രഹസ്യമായിട്ടുള്ള കച്ചവടത്തിന് "വെയർ ഹൗസിലെ ചില ജീവനക്കാർക്കും ബീവറേജ് കോർപ്പറേഷന്റെ ചില ഉന്നതർക്കും പങ്കുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

"മോഷണത്തിന് ശ്രമം നടന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.പൊലീസ് അന്വേഷണം നടത്തി വരുകയാണ്.സ്റ്റോക്ക് ഇറക്കുന്ന സമയത്താണ് സ്റ്റോക്ക് സംബന്ധിച്ചുള്ള കൃത്യമായ വിവരം ലഭിക്കു.അപ്പോൾ മാത്രമാണ് സ്റ്റോക്കിൽ കുറവ് വന്നിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കു.ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അടിയന്തിരമായി കൂടുതൽ സുരക്ഷ ജീവനക്കാരെ നിയമിച്ചു"

സുഗുണൻ, മാനേജർ, ബീവറേജ് കോർപ്പറേഷൻ, വെയർ ഹൗസ്, ഒളമറ്റം.