നെടുങ്കണ്ടം: വ്യാജ സന്ദശത്തിൽ വിശ്വസിച്ച് നാട്ടിൽപോകാൻ ഒരുങ്ങി അന്യസംസ്ഥാന തൊഴിലാളികുടുംബങ്ങൾ, ഒടുവിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി പൊലീസ് മടക്കി അയച്ചു.മദ്ധ്യപ്രദേശിലേയ്ക്ക് തീവണ്ടി സർവീസ് ആരംഭിക്കുന്നുവെന്ന വ്യാജപ്രചരണത്തെ തുടർന്ന് സ്വദേശത്തേക്ക് മടങ്ങാനൊരുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെയാണ് പൊലീസ് മടക്കി അയച്ചത്. നെടുങ്കണ്ടത്തിന് സമീപമുള്ള
നാലോളം എസ്റ്റേറ്റിലെ പതിനഞ്ച് തൊഴിലാളികളാണ് ഇത്തരത്തിൽ വ്യാജപ്രചരണത്തെ തുടർന്ന് നാട്ടിലേയ്ക്ക് പോകാൻ ഒരുങ്ങിയത്. ഇന്നലെ മുതൽ മദ്ധ്യപ്രദേശിലേക്ക് ട്രെയിൻ പുറപ്പെടുന്നതായി വാട്‌സ്ആപ്പിലാണ് ഹിന്ദിയിൽ ഇവർക്ക് സന്ദേശം ലഭിച്ചത്. തുടർന്ന് ഇന്നലെ രാവിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം സംസ്ഥാന പാതയോരത്ത് ബാഗും അവശ്യവസ്തുക്കളുമായി എത്തുകയായിരുന്നു. വാട്‌സ്ആപ് സന്ദേശം ലഭിച്ചയാളാണ് മറ്റ് എസ്റ്റേറ്റുകളിൽ ചെന്ന് തൊഴിലാളികളെ കൂട്ടിയത്. എറണാകുളം വരെ നടന്നോ മറ്റ് വാഹനങ്ങളിലോ പോകാനായിരുന്നു പദ്ധതി. നെടുങ്കണ്ടം ജനമൈത്രി ബീറ്റ് പൊലീസ് ഓഫീസർ ഷാനു വാഹിദിന്റെ നേതൃത്വത്തിലുള്ള പൊലീസും ഇന്ത്യോ ടിബറ്റൻ ബോർഡർ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തൊഴിലാളികളെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി. സ്വദേശത്തേയ്ക്ക് പോകാൻ ചെയ്യേണ്ട നടപടിക്രമങ്ങൾ മുഴുവൻ പറഞ്ഞ് ബോധവത്കരിച്ചതിനെത്തുടർന്നാണ് ഇവർ തിരികെ പോകാൻ തയ്യാറായത്.
കബളിപ്പിക്കാൻ എളുപ്പം
അന്യസംസ്ഥാന തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പ്രചരണങ്ങൾ അടുത്ത കാലത്തായി സജീവമായിട്ടുണ്ട്. ലോക്ഡൗണിനെത്തുടർന്ന് തൊഴിൽ ഇല്ലാതായതോട് കൂടി നാട്ടിലേയ്ക്ക് പോകുന്നതിനുള്ള ആഗ്രഹം കൂടി. അത്കൊണ്ട്തന്നെ ഇവരെ കബളിപ്പിക്കാനും എളുപ്പമാണ്. കഴിഞ്ഞ ദിവസം നാട്ടിൽപോകാൻ രജിസ്ട്രേഷൻ നടത്തണമെന്ന വ്യാജ സന്ദേശത്തെത്തുടർന്ന് വിവിധ സ്ഥലങ്ങളിൽനിന്ന് അന്യസംസ്ഥാന തൊഴിലാളികൾ കട്ടപ്പനയിലേയ്ക്ക് നടന്നെത്തിയത് നാട്ടുകാർ പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് എത്തി തിരിച്ചയച്ചിരുന്നു.