munnar

മൂന്നാർ: ദേവികുളം ആർ.ഡി.ഒ ഓഫീസിന് സമീപം ലൈഫ് പദ്ധതിയ്ക്കായി മാറ്റിയിട്ടിരിക്കുന്ന സർക്കാർ ഭൂമി ഡെപ്യൂട്ടി തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്വകാര്യ വ്യക്തി കൈയേറി കെട്ടിടം നിർമിച്ചതായി മൂന്നാർ സ്‌പെഷ്യൽ തഹസിൽദാരുടെ റിപ്പോർട്ട്. ഇതേ ഭൂമിയിൽ മുമ്പ് കൈയേറ്റം ഒഴിപ്പിക്കാൻ ശ്രമിച്ച മുൻ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ കൈയേറ്റം ചെയ്തത് ഏറെ വിവാദമായിരുന്നു. ദേവികുളം താലൂക്കിൽ കെ.ഡി.എച്ച് വില്ലേജിലുള്ള ബിവേറജസ് ഔട്ട് ലെറ്റിന് മുൻവശത്ത് റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരനായ ടി. മണിയാണ് സർക്കാർ ഭൂമി കൈയേറി കെട്ടിടം നിർമിച്ചതായി റിണ്ടോർട്ടിലുള്ളത്.. കൈയേറ്റ ഭൂമിക്ക് കെ.ഡി.എച്ച് ഡപ്യൂട്ടി തഹസിൽദാർ അനധികൃതമായി കൈവശാവകാശ രേഖ നൽകുകയും കെട്ടിടം നിർമിക്കുന്നതിന് എൻ.ഒ.സി നൽകുകയും ചെയ്തെന്ന ഗുരുതര ക്രമക്കേടാണ് കണ്ടെത്തിയത്. മണിയുടെ ഭാര്യയുടെ പേരിലാണ് നാലു സെന്റ് ഭൂമിക്ക് കൈവശ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. കെ.ഡി.എച്ച് വില്ലേജിൽ സർവേ നമ്പർ 20/1ൽപ്പെട്ട സ്ഥലം ലൈഫ് പദ്ധതിയിൽ വീട് നിർമിക്കുന്നതിന് മാറ്റിയിട്ടിരുന്നതാണ്. ലൈഫ് മിഷൻ പദ്ധതിയിലൂടെയാണ് വീട് നിർമിച്ചതെന്നാണ് മണിയുടെ അവകാശവാദം. 774 ചതുരശ്ര അടി തറ വീസ്തീർണമുള്ള കെട്ടിടമാണ് നിർമിച്ചിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ സ്‌പെഷ്യൽ തഹസിൽദാർ നടത്തിയ അന്വേഷണത്തിലാണ് കൈയേറ്റം കണ്ടെത്തിയത്. സ്ഥല പരിശോധനയ്ക്ക് എത്തിയ അന്വേഷണ സംഘത്തെ കെട്ടിടത്തിനുള്ളിൽ പരിശോധിക്കാൻ അനുവദിച്ചില്ല. തുടർന്ന് ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്കും ദേവികുളം സബ്‌കളക്ടർക്കും റിപ്പോർട്ട് നൽകുകയായിരുന്നു. സർക്കാർ ഭൂമി കൈയേറി കെട്ടിടം നിർമിച്ച മണിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും കൈയേറ്റത്തിന് ഒത്താശ ചെയ്ത് കെ.ഡി.എച്ച് ഡെപ്യൂട്ടി തഹസിൽദാർക്കും മറ്റു ജീവനക്കാർക്കുമെതിരെ നടപടിയെടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.