തൊടുപുഴ: കൊവിഡ്- 19 നെതിരെയുള്ള പ്രതിരോധ നടപടികളും ലോക് ഡൗണും മൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി നേടിയെടുക്കേണ്ട കാര്യങ്ങളും സംബന്ധിച്ച് കേരളാ കോൺഗ്രസ്(എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് നിർദ്ദേശങ്ങൾ സമർപ്പിച്ചു. ചെറുകിട കർഷകരും ചെറുകിട വ്യാപാരികളും എല്ലാ വിഭാഗം തൊഴിലാളികളും എടുത്തിട്ടുള്ള അഞ്ചു ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസവായ്പ അടക്കമുള്ള എല്ലാ വായ്പകളും എഴുതി തള്ളുക, ലോക് ഡൗൺ മൂലം വരുമാനം നഷ്ടമായ ചെറുകിട കർഷകർ, ആട്ടോറിക്ഷാ തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, വാഹന തൊഴിലാളികൾ, ചെറുകിട ഹോട്ടലുടമകൾ, ദിവസ വേതനക്കാരായ തൊഴിലാളികൾ, കർഷക തൊഴിലാളികൾ എന്നിവർക്ക് അടിയന്തര സഹായധനമായി പതിനായിരം രൂപ വീതം സംസ്ഥാന സർക്കാർ നൽകുക, ഒരു വർഷ കാലാവധിയിൽ പലിശരഹിത വായ്പ അനുവദിക്കുക, മൊറൊട്ടോറിയം കാലയളവിലെ പലിശ പൂർണമായും ഒഴിവാക്കുക, വീട്ടുവളപ്പിൽ പച്ചക്കറികളും പഴങ്ങളും സ്വന്തമായി ഉത്പാദിപ്പിക്കാൻ തയ്യാറാകുന്നവർക്ക് ഗ്രോബാഗ്, വിത്ത്, വളം എന്നിവ സൗജന്യമായി നൽകുക, നെല്ല് സംഭരണം ഊർജിതമാകുക, സംഭരണവില കുടിശിക ഉടനടി നൽകുക, പച്ച തേങ്ങയുടെ സംഭരണവില 40 രൂപയാക്കി സംഭരണം ശക്തമാക്കുക, റബർ വിലസ്ഥിരതാ പദ്ധതിയിലെ അടിസ്ഥാന വില 150 രൂപയിൽ നിന്ന് 200 രൂപയായി ഉയർത്തുക, ഏലം ലേലം പുനരാരംഭിക്കുക, മത്സ്യ തൊഴിലാളികൾക്ക് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കുക, ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കുക, ജോലി നഷ്ടമായി വിദേശത്ത് നിന്ന് വരുന്നവർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തൊഴിൽ രഹിതർക്കും പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, വെർട്ടിക്കൽ ഫാമിംഗ് പ്രോത്സാഹിപ്പിക്കാൻ നടപടി സ്വീകരിക്കുക, കുരുമുളക്, കാപ്പി, പൈനാപ്പിൾ, ഇഞ്ചി, മഞ്ഞൾ, മറ്റു സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് താങ്ങുവില പ്രഖ്യാപിക്കുക, ഗാർഹിക ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും ലോക്ക്ഡൗൺ കാലഘട്ടത്തിൽ ചുമത്തിയിരിക്കുന്ന ഭീമമായ വൈദ്യുത ബില്ലിൽ ഇളവുകൾ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് സമർപ്പിച്ചത്.