തൊടുപുഴ: കൊവിഡ് ജാഗ്രത നിയന്ത്രണത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായി ന്യൂമാൻ കോളേജിലെ എസ്.എഫ്.ഐ വനിതാ വേദിയായ മാതൃകം യൂണിറ്റ് സുമനസുകളുടെ സഹായത്താൽ പ്രവർത്തിച്ചിരുന്ന വൃദ്ധസദനങ്ങളുടെ അവസ്ഥ കൊവിഡ് വ്യാപനത്തെ തുടർന്ന് ഏറെ പരിതാപകരമാണ്.വിവിധ മേഖലകളിൽ നിന്ന് ഇവിടേക്ക് ലഭിച്ചിരുന്ന സഹയാങ്ങൾ ഇപ്പോൾ പൂർണ്ണമായും നിലച്ച സ്ഥിതിയുമാണ്. ഈ സാഹചര്യത്തിലാണ് മാതൃകം ന്യൂമാൻ കോളേജ് യൂണിറ്റ് 'കൈത്താങ്ങ് 'എന്ന ഉദ്യമവുമായി മുന്നോട്ട് വന്നത്.രണ്ടു ദിവസം കൊണ്ട് ഇവർ സമാഹരിച്ച 6500 രൂപ ഉപയോഗിച്ച് മുതലക്കോടം മേഖലയിലെ സ്നേഹാലയം,സർക്കാർ ഉടമസ്ഥതയിലുള്ള വൃദ്ധ-വിഗലാംഗ സദനങ്ങൾ എന്നിവിടങ്ങളിലേക്ക് ആവശ്യമായ മാസ്കുകളും സാനിറ്റൈസറും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങി നൽകി.കൂടാതെ 3000 രൂപ ധനസഹായമായും കൈമാറി. മാതൃകം ന്യൂമാൻ കോളേജ് യൂണിറ്റ് കൺവീനർ ഐഷ ജാഫർ,തൊടുപുഴ ഏരിയാ ജോ.കൺവീനർ സൈറ ബഷീർ,എസ്.എഫ്.ഐ തൊടുപുഴ ഏരിയാ കമ്മിറ്റി അംഗം പാർവ്വതി എന്നിവരാണ് 'കൈത്താങ്ങ് ' പദ്ധതി കാമ്പയിന് നേതൃത്വം നൽകുന്നത്.