ഇടുക്കി: ലോക്ക് ഡൗണിനെത്തുടർന്ന് സഞ്ചാരികൾ എത്താതായതോടെ ഇരവികുളം ദേശീയോദ്യാനത്തിലെ വരയാടിൻ കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധന. 110 കുഞ്ഞുങ്ങളാണ് ഇത്തവണ ഇരവികുളത്ത് പിറന്നത്. കഴിഞ്ഞ വർഷം 72 ആയിരുന്നു. ഇരവികുളം ദേശീയോദ്യാനത്തിലാകെ 730 വരയാടുകളുണ്ടെന്നാണ് ഏപ്രിൽ അവസാനത്തെ സർവേയിലെ കണ്ടെത്തൽ. വരയാടുകളുടെ പ്രജനന കാലമായതോടെ ജനുവരി 21ന് ഉദ്യാനം അടച്ചിരുന്നു. മാർച്ച് 21ന് തുറക്കേണ്ടതായിരുന്നു. എന്നാൽ ലോക്ക് ഡൗൺ കാരണം ഇതുവരെ തുറന്നിട്ടില്ല. അതേസമയം, ലോക്ക്ഡൗൺ കാലത്തും കുഞ്ഞുങ്ങൾ പിറന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തി.
പ്രസവം
പാറക്കെട്ടിൽ
കീഴ്ക്കാംതൂക്കായ പാറക്കെട്ടുകൾക്കിടയിലാണ് വരയാടുകൾ പ്രസവിക്കുന്നത്. മൂന്നാഴ്ച കഴിഞ്ഞാലേ കുഞ്ഞുങ്ങളുമായി ഇവ പുറത്തു വരൂ. സാധാരണ പ്രസവത്തിൽ ഒരു കുട്ടിയാണ് ഉണ്ടാവുക. അപൂർവമായി ഇരട്ടകളും ഉണ്ടാകും. ജനുവരി മുതൽ മാർച്ചു വരെയാണ് പ്രജനനകാലം. ഈ സമയങ്ങളിൽ സന്ദർശകരെ അനുവദിക്കാറില്ല.
''ശരാശരി 78മുതൽ 80 വരയാടിൻ കുഞ്ഞുങ്ങളാണ് ഒരു വർഷം ഉണ്ടാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൃത്യമായി കുഞ്ഞുങ്ങളുടെ എണ്ണമെടുക്കാനായി. കാലാവസ്ഥയും സർവേയ്ക്ക് അനുകൂലമായിരുന്നു. ഇതും എണ്ണംകൂടാൻ കാരണമായിട്ടുണ്ട്"
ആർ. ലക്ഷ്മി,
മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ.