കട്ടപ്പന: വിദ്യാർഥികളുടെ സമഗ്രവികാസം ലക്ഷ്യമിട്ട് കട്ടപ്പന സരസ്വതി വിദ്യാപീഠത്തിൽ സ്‌കൂൾ ടി.വി. ആരംഭിച്ചു. ലോക് ഡൗൺ കാലത്ത് കുട്ടികൾ നടത്തിയ വിവിധ പ്രവർത്തനങ്ങളാണ് സ്‌കൂളിന്റെ ഫേസ്ബുക്ക് പേജിൽ മിഴി എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ടി.വിയിലൂടെ പ്രദർശിപ്പിക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 7.30 മുതൽ വിദ്യാർഥികൾക്കു പുറമേ അദ്ധ്യാപകർ, രക്ഷിതാക്കൾ എന്നിവർ നടത്തിയ പാഠ്യേതര പ്രവർത്തനങ്ങൾ, വിജ്ഞാനങ്ങൾ, കളികൾ, പാചകം, കൃഷി സംബന്ധമായ പ്രവർത്തനങ്ങൾ എന്നിവ വീക്ഷിക്കാം. എസ്. സൂര്യലാൽ ചാനൽ ഉദ്ഘാടനം ചെയ്തു. സജിദാസ് മോഹൻ ലോഗോ പ്രകാശനം ചെയ്തു. വിദ്യാഭാരതി ദേശീയ കാര്യദർശി എൻ.സി.ടി. രാജഗോപാൽ ആശംസകൾ അർപ്പിച്ചു. അവതാരകരായും അഭിനേതാക്കളായും എത്തുന്നത് സ്‌കൂളിലെ കുട്ടികളാണ്. ലോക് ഡൗണിനു ശേഷം ആഴ്ചയിലൊരിക്കൽ സംപ്രേഷണം നടത്താനാണ് തീരുമാനം.