തൊടുപുഴ : നിർധനനായ കാൻസർ രോഗിയെ സൗജന്യമായി തൊടുപുഴ ഫയർ ഫോഴ്‌സ് യൂണിറ്റിന്റെ ആംബുലൻസിൽ തിരുവനന്തപുരം റീജിണൽ കാൻസർ സെന്ററിലെത്തിച്ചു. ചീനിക്കുഴി പതിക്കൽ മാത്യുവിനെയാണ് അസുഖം മൂർച്ഛിച്ചതിനെത്തുടർന്നു ആർ.സി.സി യിലേക്ക് മാറ്റിയത്. സാമ്പത്തികമായി ഏറെ ക്ലേശമനുഭവിക്കുന്ന മാത്യുവിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച്ച വൈകുന്നേരം ചീനിക്കുഴി കോൺവെന്റിലെ സിസ്റ്റേഴ്‌സിന്റെ സഹായത്തോടെ മാത്യുവിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ മാത്യുവിനെ പരിശോധിച്ച ഡോക്ടർമാർ ഇദ്ദേഹത്തെ അടിയന്തിരമായി റീജിയണൽ കാൻസർ സെന്ററിലെത്തിക്കാൻ റഫർ ചെയ്യുകയായിരുന്നു. തൊടുപുഴയിലെ ആശുപത്രിയിൽ പോകാൻ പോലും മാർഗ്ഗമില്ലാതിരുന്ന മാത്യുവിന്റെ ബന്ധുക്കൾ ഉടുമ്പന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ രാജീവ് രാജൻ ബ്ലോക്ക് പഞ്ചായത്ത് അംഗം സോമി അഗസ്റ്റിൻ എന്നിവരോട് സഹായം അഭ്യർത്ഥിക്കുകയായിരുന്നു. ഇവർ കോൺഗ്രസ് കൺട്രോൾ റൂമിന്റെ ചുമതലയുള്ള ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യുവിനെ വിവരമറിക്കുകയുമായിരുന്നു. ഇതേ തുടർന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് ഫയർ ഫോഴ്‌സിന്റെ ഉന്നത ഉദ്യോസ്ഥരുമായി ബന്ധപ്പെട്ട് ആംബുലൻസ് സൗകര്യം ലഭ്യമാക്കി. . രോഗിയുമായി ഇന്നലെ വെളുപ്പിന് 3.30 മണിയോടെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ നിന്നും ഫയർ ഓഫീസർമാരായ രഞ്ജി കൃഷ്ണൻ, ലിബിൻ സേവ്യർ എന്നിവരുടെ നേതൃത്വത്തിൽ പുറപ്പെട്ട ഫയർ ഫോഴ്‌സ് ആംബുലൻസ് രാവിലെ 8.15 മണിയോടെ കാൻസർ സെന്ററിലെത്തി.