വാർഡുകളിൽ കളക്ഷൻ സെന്ററുകൾ

കട്ടപ്പന: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വാർഡുകളിലെ മാലിന്യ സംസ്‌കരണം ഏറ്റെടുത്ത് കട്ടപ്പന നഗരസഭ. എന്റെ നഗരം സുന്ദര നഗരം പരിപാടിയുടെ ഭാഗമായി ഇന്ന് നഗരസഭയിലെ മുഴുവൻ വീടുകളിലെയും അജൈവ മാലിന്യങ്ങൾ ഓരോ വാർഡിലെയും നിശ്ചിത കേന്ദ്രങ്ങളിൽ ശേഖരിക്കും. പ്ലാസ്റ്റിക് കാരി ബാഗുകൾ, ഉപയോഗരഹിതമായ ബാഗുകൾ, പാദരക്ഷകൾ, കുടകൾ, തെർമോക്കോൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ, കിടക്കകൾ, തലയിണകൾ തുടങ്ങിയവയെല്ലാം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറും. വാർഡ് കൗൺസിലർമാർ, കുടുംബശ്രീ, ആശ പ്രവർത്തകർ, അംഗൻവാടി ജീവനക്കാർ, സന്നദ്ധ സേന പ്രവർത്തകർ എന്നിവർ ഉൾപ്പെട്ട സംഘം പാഴ്‌വസ്തുക്കളുടെ ശേഖരണം ആരംഭിച്ചു. ഓരോ വാർഡിലും മൂന്നുമുതൽ അഞ്ചുവരെ കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കും. കൗൺസിലർ ഉൾപ്പെട്ട സമിതിക്കാണ് കേന്ദ്രങ്ങളുടെ ചുമതല. ഓരോ വാർഡിലും പാഴ്‌വസ്തുക്കൾ ശേഖരിക്കുന്ന സ്ഥലം, സമയം എന്നിവ സമിതി അംഗങ്ങൾ ഓരോ വീടുകളിലും അറിയിച്ചിട്ടുണ്ട്.

അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഒരു വീടിന് ഒരു വർഷത്തേയ്ക്ക് 360 രൂപയാണ് ഫീസ്. ആദ്യതവണ 60 രൂപ അടയ്ക്കണം. ഒരുവർഷത്തെ തുക ഒരുമിച്ച് അടയ്ക്കുകയാണെങ്കിൽ 300 രൂപ നൽകിയാൽ മതി.

ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ അജൈവ മാലിന്യങ്ങളും ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കുമെന്ന് നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ എന്നിവർ അറിയിച്ചു. ജലജന്യ രോഗങ്ങൾ പടർന്നുപിടിക്കാനുള്ള സാധ്യത ഒഴിവാക്കാനായി കാലവർഷത്തിനുമുമ്പ് ആരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. മുഴുവൻ വാർഡുകളിലും ബോധവത്കരണ ക്ലാസുകൾ നടത്തി .ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി.മേരി, വിനേഷ് ജേക്കബ്, കെ.എസ്. അനുപ്രിയ എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.