തൊടുപുഴ : കൊവിഡ് മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന കർഷകരെ സഹായിക്കുന്നതിന് പുതുപ്പരിയാരം സർവീസ് സഹകരണ ബാങ്കിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ചു. ആദ്യപടിയായി റബ്ബർ കർഷകർക്ക് റെയിൻ ഗാർഡ് പിടിപ്പിക്കുന്നതിനും വളം വാങ്ങുന്നതിനും ഒരു കൈത്താങ്ങായി ആർ.പി.എസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബാങ്കിലെ അംഗങ്ങളായ കർഷകർക്ക് ആറ് ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കും. ആർ.പി.എസുമായി സഹകരിച്ച് നിബന്ധനകൾക്ക് വിധേയമായി ഒരു വർഷ കാലാവധിയിൽ 25000 രൂപാ വരെ വായ്പ ലഭ്യമാക്കും. വായ്പ എടുക്കാൻ ആഗ്രഹിക്കുന്ന കർഷകർ ആർ.പി.എസുമായും ബാങ്കുമായും ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കണമെന്ന് പ്രസിഡന്റ് അഡ്വ. ജോർജ്ജ് മാത്യു കാരാമയിൽ അറിയിച്ചു.