തൊടുപുഴ: 'എന്തിനാ ഇങ്ങനെ പറഞ്ഞുപറ്റിക്കുന്നേ..." ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ തുള്ളി കള്ള് തേടി ഷാപ്പിലെത്തിയ ഒരു കുടിയന്റെ ദീനരോദനമാണിത്. കള്ളില്ലാത്തതിനാൽ ജില്ലയിലെ ഭൂരിഭാഗം ഷാപ്പുകളും ഇന്നലെ തുറന്നില്ല. ഇതോടെ മദ്യപരെല്ലാം നിരാശയോടെ മടങ്ങി. ഇരുന്നൂറിലേറെ ഷാപ്പുകളുള്ള ജില്ലയിൽ തുറന്നത് വെറും എമ്പതിനടുത്ത്. തുറന്നവയെല്ലാം കള്ള് തീർന്നതിനെ തുടർന്ന് ഉച്ചയ്ക്ക് മുമ്പേ പൂട്ടി. തുറന്ന് രണ്ട് മണിക്കൂറിനകം പൂട്ടിയ ഷാപ്പുമുണ്ട്. പാലക്കാടൻ കള്ലെത്താത്തതാണ് വിനയായത്. അതോടെ ജില്ലയിൽ ചെത്തുന്ന കള്ളുമാത്രമാണ് വിൽക്കാനുണ്ടായിരുന്നത്. തൊടുപുഴ മേഖലയിൽ വിരലിലെണ്ണാവുന്ന ഷാപ്പുകൾ മാത്രമാണ് തുറന്നത്. അടിമാലി, ഉടുമ്പഞ്ചോല, കട്ടപ്പന, തങ്കമണി, വണ്ടിപെരിയാർ തുടങ്ങിയ റേഞ്ചുകളിലാണ് പ്രധാനമായും കള്ള് വിൽപ്പന നടന്നത്. ചെത്ത് കൂടുതലുള്ളതും ഹൈറേഞ്ചിലാണ്. ഇവിടെ കൂടുതലും പനങ്കള്ളിനാണ് പ്രിയം. വലിയ ആൾക്കൂട്ടം ഉണ്ടാകുമെന്നത് കണക്കിലെടുത്ത് എക്സൈസ് വകുപ്പ് വൻസുരക്ഷാ സന്നാഹങ്ങൾഒരുക്കിയിരുന്നു. ഓരോ ഷാപ്പിന്റെയും ചുമതല ഓരോ എക്സൈസ് ഉദ്യോഗസ്ഥർക്കും വീതിച്ച് നൽകിയിരുന്നു. എന്നാൽ കാര്യമായ തിരക്ക് ഒരിടത്തുമുണ്ടായില്ല. അനിഷ്ട സംഭവങ്ങളൊന്നും ജില്ലയിലുണ്ടായില്ല. വരുംദിവസങ്ങളിൽ പാലക്കാട് നിന്ന് കള്ള് എത്തുന്നതോടെ വിൽപ്പന പൊടിപൊടിക്കുമെന്നാണ് പ്രതീക്ഷ.
എല്ലാം നിയമം പാലിച്ച്
1. പ്രവർത്തനസമയം രാവിലെ ഒമ്പത്- വൈകിട്ട് ഏഴ്
2. ക്യൂ സാമൂഹ്യ അകലം പാലിച്ച്
3. ഒറ്റ കൗണ്ടർ മാത്രം
4. കള്ള് മാത്രം പാഴ്സൽ, ഭക്ഷണമില്ല
5. ഒരാൾക്ക് ഒന്നര ലിറ്റർ മാത്രം
6. ഷാപ്പിന് സമീപം നിന്ന് കുടിക്കരുത്