തൊടുപുഴ: തൊടുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കെട്ടിട നിർമാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 12.45ന് വെങ്ങല്ലൂർ ചാലിക്കടവിൽ കുളിക്കാനിറങ്ങിയ തമിഴ്‌നാട് നാഗപട്ടണം സ്വദേശി ഷൺമുഖം സുന്ദരമാണ് (29) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ ഒഴുക്കിൽപ്പെട്ട സ്ഥലത്തിന് ഒരു കിലോമീറ്റർ മാറിയാണ് തൊടുപുഴ ഫയർഫോഴ്‌സിന് മൃതദേഹം ലഭിച്ചത്. സുഹൃത്തുക്കളായ മറ്റ് തൊഴിലാളികൾക്കൊപ്പം കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്തെ ഒരു പാറയ്ക്കരികിലേക്ക് നീന്തുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് തൊടുപുഴയിലെയും കല്ലൂർക്കാട്ടെയും ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്‌കൂബാ ഡൈവേഴ്‌സിന്റെ സഹാത്തോടെ ബുധനാഴ്ച വൈകിട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിൽ നല്ല അടിയൊഴുക്കുണ്ടായിരുന്നതും വൈകിട്ട് മഴ പെയ്തതോടെ വെള്ളം കലങ്ങിയതും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. വെളിച്ചം മങ്ങിയതോടെ അവസാനിപ്പിച്ച തിരച്ചിൽ ഇന്നലെ രാവിലെ പുനരാരംഭിക്കുകയായിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.