കട്ടപ്പന: തമിഴ്നാട്ടിലെ ഒട്ടുമിക്ക ഫാമുകളിലും ഉത്പാദനം കുറച്ചതോടെ കോഴിയിറച്ചിക്ക് വില കുതിച്ചുയർന്നു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും പക്ഷിണ്ടനിയുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകൾ നിലനിൽക്കുന്നതിനാലുമാണ് തമിഴ്നാട്ടിലെ വൻകിട ഫാമുകൾ പ്രവർത്തനം നിർത്തിവച്ചത്. അതോടെ ശരാശരിനൂറ് രൂപയിൽ നിന്ന വില നൂറ്റമ്പതിലെത്തുകയായിരുന്നു. ഉത്പ്പാദനം കുറവായപ്പോൾ റംസാനോടനുബന്ധിച്ച് വിൽപന വർധിച്ചതും വില ഉയരാൻ കാരണമായിട്ടുണ്ട്

. നിലവിൽ തമിഴ്‌നാട്ടിലെയും പെരുമ്പാവൂർ, പാലാ എന്നിവിടങ്ങളിലെയും ചില ഫാമുകളിൽ മാത്രമാണ് ഉത്പാദനമുള്ളത്. തമിഴ്‌നാട്ടിലെ കമ്പം, ചിന്നമന്നൂർ എന്നിവിടങ്ങളിലെ ഫാമുകളിൽ നിന്നു മാത്രമാണ് ജില്ലയിലേക്ക് ഇറച്ചിക്കോഴി എത്തുന്നത്. നേരത്തെ സംസ്ഥാനത്ത് പക്ഷിപ്പനി പടരുകയും കോഴിവില 40 രൂപയിലേക്കു കൂപ്പുകുത്തുകയും ചെയ്തതോടെ ചില ഫാമുകളിൽ ഉത്പ്പാദനം നിർത്തി.

തേനി, ഉത്തമപാളയം, ഗൂഡല്ലൂർ, രായപ്പൻപെട്ടി എന്നിവിടങ്ങളിലെ ഫാമുകളിൽ ലോക്ക് ഡൗൺ ആരംഭിച്ചതോടെ ഉൽപാദനം കുറച്ചു. ലോക്ക് ഡൗൺ കാലയളവിലാണ് വില 100 കടന്നത്. റംസാൻ നോമ്പുകാലത്ത് കോഴിയിറച്ചിക്ക് ആവശ്യക്കാർ ഏറെയാണെങ്കിലും ഇറക്കുമതി പരിമിതമായതിനാൽ വില വർദ്ധന വ്യാപാരികൾക്കും പ്രയോജനപ്പെടുന്നില്ല. ഇന്നലെ മാത്രം അഞ്ച് രൂപയാണ് വർദ്ധിച്ചത്.

വെള്ളയാംകുടി157, വള്ളക്കടവ്160 ചെറുതോണി155, ഉപ്പുതറ155 എന്നിങ്ങനെയാണ് വിവിധ സ്ഥലങ്ങളിലെ കോഴിവില.
തമിഴ്‌നാട്ടിലെ ഫാമുകളിൽഉത്പ്പാദനം വർദ്ധിപ്പിച്ചെങ്കിൽ മാത്രമേ ഹൈറേഞ്ചിലേക്ക് ആവശ്യാനുസരണം എത്തുകയുള്ളൂ. മാർച്ചിൽ ഉണ്ടായ വിലയിടിവാണ് പല ഫാമുകളെയും പ്രതികൂലമായി ബാധിച്ചത്. ഇതിനിടെ കോഴിത്തീറ്റ വില ഉയർന്നത് ഉത്പ്പാദകർക്കും തിരിച്ചടിയായി. പല ഫാം ഉടമകളും കോഴി വ്യവസായം അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.