ഇടുക്കി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും സൗജന്യമായി മാസ്‌ക് എത്തിക്കുന്ന പദ്ധതി പഞ്ചായത്തിൽ തുടങ്ങി. പഞ്ചായത്തിലെ 18 വാർഡുകളിലുമായി പതിനായിരത്തോളം കുടുംബങ്ങൾക്ക് മാസ്‌ക് വിതരണം ചെയ്യും. ഒരു കുടുംബത്തിന് നാല് മാസ്‌ക് വീതമാണ് നൽകുന്നത്. കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കിയ കോട്ടൺ മാസ്‌കുകൾ കഴുകി ഉണക്കി വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ്. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ മാസ്‌കുകൾ വീടുകളിലെത്തിച്ച് നൽകും. സൗജന്യ മാസ്‌ക് വിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ കഞ്ഞിക്കുഴി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീകലക്ക് നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യയക്ഷ പുഷ്പ ഗോപി, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്തുടങ്ങിയവർ പങ്കെടുത്തു.