കട്ടണ്ടന: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും, മാലിന്യ സംസ്‌കരണവും ഏറ്റെടുത്ത് കട്ടപ്പന നഗരസഭ. ഇതിന്റെ ഭാഗമായി 'എന്റെ നഗരം സുന്ദര നഗരം' പരിപാടിയിലൂടെ നഗരസഭാ പരിധിയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യങ്ങളും പാഴ്വസ്തുക്കളും ശേഖരിച്ച്, നഗരസഭയെ മാലിന്യവിമുക്തമാക്കുകയാണ് ലക്ഷ്യം. ഇന്നലെ നഗരസഭയിലെ 34 വാർഡുകളിലും പ്രത്യേകം നിശ്ചയിച്ച കേന്ദ്രങ്ങളിൽ ശേഖരിച്ച പാഴ് വസ്തുക്കൾ ലോറിയിൽ നഗരസഭയുടെ മൈതാനത്ത് എത്തിച്ചു ക്ലീൻ കേരള കമ്പനിക്ക് കൈമാറി. പ്ലാസ്റ്റിക് കാരിബാഗുകൾ, പഴയതും ഉപയോഗ ശൂന്യമായതുമായ ബാഗുകൾ, ചെരിപ്പുകൾ, കുടകൾ, തെർമ്മോക്കോൾ, പ്ലാസ്റ്റിക് ഉല്പന്നങ്ങൾ, ബെഡ്ഡുകൾ, പില്ലോകൾ, ഇവേസ്റ്റുകൾ, (കുപ്പി, കുപ്പിച്ചില്ലുകൾ, പാംപറുകൾ ഒഴികെ) തുടങ്ങിയ അജൈവ മാലിന്യങ്ങളെല്ലാം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഒഴിവാക്കാനാകും. അജൈവമാലിന്യശേഖരണത്തിന് വിപുലമായ ക്രമീകരണമാണ് നഗരസഭയും ആരോഗ്യ വിഭാഗവും സജ്ജീകരിച്ചിട്ടുള്ളത്. ഓരോ വാർഡിലും പാഴ് വസ്തു ശേഖരണത്തിന് 3 മുതൽ 5 വരെ കേന്ദ്രങ്ങളാണ് ക്രമീകരിച്ചത്. 75 ഓളം കളക്ഷൻ സെന്ററുകളുണ്ട്. പൂർണ്ണമായും കോവിഡ് പ്രതിരോധ, മുൻകരുതൽ മാനദണ്ഡങ്ങൾ പാലിച്ചാണ് അജൈവ മാലിന്യങ്ങൾ ശേഖരിച്ചതെന്ന് നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി പറഞ്ഞു. വാർഡ് കൗൺസിലർമാർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിതകർമ്മസേനാംഗങ്ങൾ എന്നിവർ സംഭരണത്തിന് മേൽനോട്ടം വഹിച്ചു. ഓരോ വാർഡിലും പാഴ് വസ്തുക്കൾ ശേഖരിക്കുന്ന സ്ഥലം, സമയം തുടങ്ങിയവ മുൻകൂട്ടി അറിയിച്ചിരുന്നു.
മുൻകരുതലിന്റെ ഭാഗം
മഴക്കാലം ആരംഭിക്കുന്നതോടു കൂടി കൊതുകുജന്യ രോഗങ്ങൾ, എലിപ്പനി, മറ്റ് ജലജന്യ രോഗങ്ങൾ തുടങ്ങിയവ പടർന്നു പിടിക്കാനുള്ള സാദ്ധ്യത മുമ്പിൽ കണ്ടാണ് നഗരസഭാ ആരോഗ്യ വിഭാഗം ശുചീകരണ നടപടികൾ ശക്തമാക്കുന്നത്. വാർഡ് കൗൺസിലർമാർക്കൊപ്പം ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റ്‌ലി പി.ജോൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജുവാൻ ഡി മേരി, വിനേഷ് ജേക്കബ്ബ്, അനുപ്രിയ കെ.എസ് എന്നിവർ നേതൃത്വം നല്കി.
വർഷം 360 രൂപ
അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് വീടൊന്നിന് ഒരു വർഷത്തേയ്ക്ക് 360 രൂപയാണ് ഫീസ്. ആദ്യ തവണ 60 രൂപയാണ് അടയ്‌ക്കേണ്ടത്. ഒരു വർഷത്തെ തുക ഒരുമിച്ച് അടയ്ക്കുകയാണെങ്കിൽ 300 രൂപ അടച്ചാൽ മതിയാകും.