മറ്റ് ആറ്പേർ നിരക്ഷണത്തിൽ
ഇടുക്കി : ക്വാറന്റെയിനിലായിരുന്ന യുവാവ് ബാർബറെ വീട്ടിൽ വിളിച്ചുവരുത്തി മുടിവെട്ടിച്ചു, യുവാവിനെതിരെ പൊലീസ് കേസെടുത്ത് കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റിപ്പാർപ്പിച്ചു .മേയ് ആറിനാണ് ഉടുമ്പന്നൂർ തട്ടക്കുഴ സ്വദേശിയായ യുവാവും ഗർഭിണിയായ ഭാര്യയും ചെന്നൈയിൽ നിന്ന് നാട്ടിലെത്തിയത്. ക്വാറന്റൈൻ നിയമങ്ങൾ പാലിച്ചു കൊള്ളാമെന്ന ഉറപ്പിൻമേൽ ഇവരെ അന്ന് മുതൽ വീട്ടിൽ നിരീക്ഷണത്തിലാക്കുകയായിരുന്നുവെന്ന് ഉടുമ്പന്നൂർ പി.എച്ച്.സി. അധികൃതർ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ ഇവരെ ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കി വരികയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം യുവാവ് ഫോൺ ചെയ്ത് സമീപ പഞ്ചായത്തായ കരിമണ്ണൂരിൽ നിന്നും ബാർബറെ വീട്ടിൽ വിളിച്ച് വരുത്തി മുടി വെട്ടിച്ചു. ജോലി കഴിഞ്ഞ് ഇവിടെ നിന്നും മടങ്ങും വഴി ബാർബർ ഉടുമ്പന്നൂരിൽ ഒരാളുടെയും കരിമണ്ണൂരിൽ മൂന്ന് പേരുടെയും കൂടി മുടി വെട്ടി. ഇക്കാര്യമറിഞ്ഞ് ഉടുമ്പന്നൂർ പി.എച്ച്.സി.യിലെ മെഡിക്കൽ ഓഫീസർ ഡോ. റെയ്ച്ചൽ.പി.ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ ജെ.വിനോദ് എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ യുവാവിന്റെ വീട്ടിലെത്തി. തുടർന്ന് കരിമണ്ണൂർ പി.എച്ച്.സി. യുടെ കൂടി സഹായത്തോടെ ബാർബറെയും മുടി വെട്ടിച്ചവരെയും കണ്ടെത്തി. മുൻകരുതലെന്ന നിലയിൽ ബാർബർ ഉൾപ്പെടെ മറ്റ് അഞ്ച് പേരെ നിരീക്ഷണത്തിലാക്കി. ക്വാറന്റൈനിലാണെന്ന വിവരം മറച്ച് വച്ചാണ് ബാർബറെ വിളിച്ച് വരുത്തിയതെന്ന് കണ്ടെത്തിയതോടെ യുവാവിനെതിരെ ആരോഗ്യ വകുപ്പ് പൊലീസിൽ പരാതി നൽകി. യുവാവിനെതൊടുപുഴയിലെ കോവിഡ് കെയർ സെന്ററിലേക്ക് മാറ്റുകയുമായിരുന്നു.