ചെറുതോണി: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ കാർഷിക സ്വർണ്ണപണയ വായ്പയെടുത്തവർക്കുള്ള പലിശ സബ്‌സിഡി കാലാവധി മാർച്ച് 31 വരെ നീട്ടണമെന്നും കിസാൻ ക്രെഡിറ്റ് കാർഡില്ലാത്തവർക്ക് രണ്ട് വർഷത്തേക്കുകൂടി വായ്പ ലഭ്യമാക്കണമെന്നും കേരളാ കോൺഗ്രസ് (എം) നേതാക്കളായ കെ.ഫ്രാൻസിസ് ജോർജ്ജ് എക്‌സ് എം.പി., മാത്യു സ്റ്റീഫൻ എക്‌സ് എം.എൽ.എ., കർഷക തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ എന്നിവരാവശ്യപ്പെട്ടു. മാർച്ച് 31ന് അവസാനിക്കേണ്ടിയിരുന്ന പലിശ സബ്‌സിഡി കാലാവധി ജൂൺ 30 വരെ നീട്ടുമെന്നറിയിച്ചിരുന്നുവെങ്കിലും ഏപ്രിൽ 21ലെ റിസർവ്വ് ബാങ്കിന്റെ ഉത്തരവ് വന്നപ്പോൾ മേയ് 31 വരെയാണ് കാലാവധി അനുവദിച്ചിട്ടുള്ളതെന്നും പറഞ്ഞു.സ്വന്തമായി സ്ഥലമുള്ള കർഷകർക്ക് കൃഷിഭൂമിയുടെ രേഖകളുടെ അടിസ്ഥാനത്തിൽ വായ്പ പെട്ടെന്ന് ലഭിക്കുമായിരുന്നതിനാൽ ധാരാളം കർഷകർ വായ്പകളെടുത്തിട്ടുണ്ട്. 3 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്. കർഷകർ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വസ്തുത റിസർവ്വ് ബാങ്കിനെ അറിയിക്കാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.