നെടുങ്കണ്ടം: ചെറുകുപ്പികളിലാക്കി വാറ്റ് ചാരായം വിറ്റ യുവാവിനെ കമ്പംമെട്ട് പൊലീസ് പിടികൂടി. അന്യാർതൊളു ബി.ടി.ആർ നഗറിൽ കോട്ടയ്ക്കൽ വീട്ടിൽ അഭിലാഷിനെയാണ് (28) ഒരു ലിറ്റർ ചാരായവുമായി പിടികൂടിയത്. ബുധനാഴ്ച രാത്രി ഒമ്പത് മണിക്കാണ് കമ്പംമെട്ട് സി.ഐ ജി. സുനിൽകുമാറിന്റെയും എസ്.ഐ ഹരിദാസിന്റെയും നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്. അഭിലാക്ഷിന്റെ വീടിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലങ്ങളിലാണ് വാറ്റുചാരായം വിൽക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.